തിരുവനന്തപുരം: ചിറയിൻകീഴ് അഴൂർ ഗ്രാമപഞ്ചായത്തിൽ അഴൂർ ക്ഷേത്രം വാർഡിൽ എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ, ആശുപത്രിയിൽനിന്നു കൃത്യമായ ചികിത്സ കിട്ടിയില്ലെന്ന ആരോപണവുമായി ബന്ധുക്കൾ. പാമ്പുകടിയേറ്റ ദിക്ഷനെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് കൊണ്ടുപോയത്. എന്നാൽ അവിടെ ആന്റിവെനം ഉണ്ടായിരുന്നില്ല. ചിറയിൻകീഴ് ആശുപത്രിയിൽ കൃത്യമായ ചികിത്സ കിട്ടിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.

മൂലയിൽ കമ്പിക്കകം വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകനാണ് ദിക്ഷൻ. വീച്ചിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ദിക്ഷനെ പാമ്പു കടിച്ചത്. വെളുപ്പിനു നാലു മണിക്ക് കുട്ടി പെട്ടെന്ന് ഉണർന്ന് കാലിൽ എന്തോ കടിച്ചുവെന്ന് മാതാപിതാക്കളോടു പറയുകയായിരുന്നു. ഉടൻ ഇവർ കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പാമ്പുകടിയേറ്റുവെന്നു തിരിച്ചറിഞ്ഞതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. തുടർന്നു വീട്ടിൽ നടത്തിയ തിരച്ചിലിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. കുറ്റിക്കാടും പാഴ്ചെടികളും പടർന്ന വീട്ടുപരിസരത്തിനു ചുറ്റും ചതുപ്പാണ്. അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു ദിലീപിന്റെയും കുടുംബത്തിന്റെയും താമസം. കട്ടിലിൽ കിടക്കുകയായിരുന്ന ദിക്ഷൻ ചൂടു കാരണം പിന്നീട് അച്ഛനൊപ്പം നിലത്ത് കിടക്കുകയായിരുന്നു.

























