സുരേഷ് ​ഗോപി ഇടപെട്ടു; കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: ഇന്ത്യ – പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ഡൽഹിയിലെത്തിയ മലയാളികൾക്ക് യാത്ര സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവേ. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇടപെട്ടാണ് പ്രത്യേക ട്രെയിൻ അനുവദിച്ചത്.ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് യാത്ര സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ജമ്മു, ശ്രീനഗർ, ബാരാമുള്ള, പഞ്ചാബ്, ജലന്ധർ, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയിൽ എത്തിയ വിദ്യാർത്ഥികൾക്കാണ് ഈ ട്രെയിൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.

അതിനിടെ അതിർത്തിയിലെ സംഘർഷബാധിത പ്രദേശത്തു നിന്നും മലയാളി വിദ്യാർത്ഥികൾ കൊച്ചിയിൽ തിരിച്ചെത്തി. ചണ്ഡീഗഡിലെയും പഞ്ചാബിലെയും വിവിധ സർവകലാശാലകളിൽ നിന്നുള്ള ഒരു സംഘം വിദ്യാർത്ഥികളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.

ചണ്ഡീഗഡ് സർവകലാശാല , കേന്ദ്ര സർവകലാശാല തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പതിനഞ്ചോളം വിദ്യാർത്ഥികൾ ആണ് നാട്ടിലേക്കെത്തിയത്. തൃശ്ശൂർ, മലപ്പുറം, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.