ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം; തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യത്തിന് വേണ്ടിയെന്ന് പിടിയിലായ പ്രതികൾ

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യത്തിന് വേണ്ടിയെന്ന് പിടിയിലായ പ്രതികൾ പൊലീസിനോട് പറഞ്ഞു. ദർശനത്തിന് വേണ്ടിയാണ് ക്ഷേത്രത്തിൽ എത്തിയതെന്നും തളിപ്പാത്രം കണ്ടപ്പോൾ പൂജിക്കാനായി ഇത് മോഷ്ടിക്കുകയും ചെയ്‌തെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. എന്നാൽ ഈ മൊഴി പൂർണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പുരാവസ്തു ഇനത്തിൽപ്പെട്ട തളിപ്പാത്രമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്.

മോഷണവുമായി ബന്ധപ്പെട്ട് നാല് പ്രതികളെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. മൂന്നുസ്ത്രീകൾ അടക്കമുള്ള പ്രതികൾ ഹരിയാനയിൽ വെച്ചാണ് പിടിയിലായത്. ഇന്ത്യയിൽ ജനിച്ച് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയയാളും പിടിയിലായവരിലുൾപ്പെടുന്നു. ദർശനത്തിന് വേണ്ടിയാണ് ക്ഷേത്രത്തിലെത്തിയതെന്നും പെട്ടെന്ന് തോന്നിയപ്പോൾ തളിപ്പാത്രം എടുത്തുകൊണ്ടുപോകുകയായിരുന്നുവെന്നുമാണ് ഇവർ പറയുന്നത്. അതീവ സുരക്ഷാ മേഖലയിലാണ് മോഷണം നടന്നത് എന്നത് സുരക്ഷാവീഴ്ച സംബന്ധിച്ചുമുള്ള ആശങ്കളും ഉയർത്തുന്നുണ്ട്.

സംസ്ഥാനപോലീസിന്റേയും കേന്ദ്രസേനയുടേയും സുരക്ഷാവലയത്തിലുള്ള സ്ഥലത്തുനിന്നാണ് സംഭവം നടക്കുന്നത്. അതിനാൽ തന്നെ വളരെ ഗൗരവത്തോടെയാണ് പോലീസ് ഇക്കാര്യങ്ങൾ അന്വേഷിക്കുന്നത്. സാധാരണഗതിയിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഒരാൾക്ക് ദർശനം നടത്തി മടങ്ങണമെങ്കിൽ തന്നെ നിരവധി സുരക്ഷാപരിശോധനകൾ നേരിടേണ്ടതായിട്ടുണ്ട്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളുള്ള ക്ഷേത്രമാണിത്. അവിടെ ഇത്തരത്തിലൊരു മോഷണം നടന്നുവെന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്.

ഒക്ടോബർ 13 ന് രാവിലെയാണ് ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്. മോഷണം നടന്നതെന്നറിഞ്ഞ് ഒരു ഉദ്യോഗസ്ഥൻ 18-ാം തീയതിയാണ് സംഭവം പോലീസിലറിയിക്കുന്നത്. ഫോർട്ട് പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. കേരള പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഹരിയാണ പോലീസാണ് പ്രതികളെ പിടികൂടുന്നത്.