പത്തനംതിട്ട: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി. തെറ്റായ വിവരം നൽകിയാണ്, കാർഡിൽ പേര് ചേർത്തതെന്ന കാർഡ് ഉടമയുടെ മക്കളുടെ പരാതിയിലാണ് നടപടി. തുവയൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്താണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കാർഡ് ഉടമയുടെ ഭർതൃസഹോദരിയുടെ മകളെന്ന നിലയിലാണ് പേര് ചേർത്തത്. കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും, കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നിർദേശം നൽകുകയായിരുന്നു.


ഈ വിലാസത്തിൽ നിലവിൽ താമസിക്കാരില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കാനും ഉത്തരവിട്ടു. റേഷൻ കാർഡ് റദ്ദാക്കിയത് ശ്രീനാദേവിയുടെ ജില്ലാ പഞ്ചായത്ത് അംഗത്വത്തെ ബാധിക്കാൻ സാധ്യതയുണ്ട്. കാർഡ് റദ്ദാക്കിയത് രാഷ്ട്രീയ നീക്കമാണെന്നും, ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു. സിപിഐയാണ് ഇതിനു പിന്നിൽ. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ശ്രീനാദേവി വ്യക്തമാക്കി.























