കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യഹര്‍ജി പിന്‍വലിച്ചു

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി നടൻ ശ്രീനാഥ് ഭാസി പിൻവലിച്ചു. കേസ് അന്വേഷിക്കുന്ന എക്സൈസ് സംഘം നിലവിൽ താരത്തെ കേസിൽ പ്രതി ചേർത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പിൻവലിച്ചത്. നടന്റെ ഹർജി ഈ മാസം 22ന് പരിഗണിക്കാൻ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് അപേക്ഷ പിൻവലിച്ചത്. പ്രതി തസ്ലിമയിൽ നിന്ന് താൻ കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും അറസ്റ്റ് ചെയ്താൽ സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും. ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാൻ തയ്യാറാണെന്നുമാണ് ശ്രീനാഥ് ഭാസി ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ശ്രീനാഥ് ഭാസിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരുന്നത്. അതിനിടെയാണ് നാടകീയമായി ജാമ്യാപേക്ഷ പിന്‍വലിച്ചത്.