കോയമ്പത്തൂരിൽ മലയാളി അധ്യാപികയുടെ ആ*ത്മഹ*ത്യ: അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഭർതൃമാതാവ് വിഷം കഴിച്ചു

തിരുവനന്തപുരം: കോയമ്പത്തൂരിൽ താമസിക്കുന്ന കൊല്ലം പിറവന്തൂർ സ്വദേശിയായ അധ്യാപിക ശ്രുതി (24) ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ശ്രുതിയുടെ ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഭർതൃമാതാവിന്റെ പീഡനം സഹിക്കാൻ കഴിയാതെ ജീവനൊടുക്കുവെന്ന് ശ്രുതി കോയമ്പത്തൂരിലുള്ള മാതാപിതാക്കളെ അറിയിച്ചിരുന്നു.

ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പിൽ ജോലി ചെയ്യുന്ന കാർത്തിക്ക് ആറുമാസം മുൻപാണ് ശ്രുതിയെ വിവാഹം കഴിച്ചത്. മകളുടെ മരണവിവരം അറിഞ്ഞ് എത്തിയ ശ്രുതിയുടെ പിതാവ് ബാബു ശുചീന്ദ്രം പൊലീസിൽ പരാതി നൽകിയിരുന്നു. ശുചീന്ദ്രം പൊലീസും ആർഡിഒ കാളീശ്വരിയും വീട്ടിലെത്തി കാർത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തു. ഇതിനു പിന്നാലെയാണ് ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്.

ശ്രുതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി കോയമ്പത്തൂരിലേക്കു കൊണ്ടുപോയി. കോയമ്പത്തൂർ പെരിയനായ്ക്കൻപാളയത്ത് തമിഴ്‌നാട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ് ശ്രുതിയുടെ പിതാവ് ബാബു.

‘‘അമ്മ ക്ഷമിക്കണം, ദയവു ചെയ്ത് ഭർത്താവിനെ ഒന്നും പറയരുത്. അവർ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ വീട്ടിലേക്കു തിരിച്ചു വരുന്നില്ല. ആളുകൾ പലതും പറയും. എന്റെ മൃതദേഹം ഇവിടെ സംസ്‌കരിക്കരുത്. കോയമ്പത്തൂരിൽ കൊണ്ടുപോയി നമ്മുടെ ആചാരപ്രകാരം വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിക്കണം’’ – ശുചീന്ദ്രത്തു ജീവനൊടുക്കിയ കോയമ്പത്തൂരിൽ താമസിക്കുന്ന കൊല്ലം പിറവന്തൂർ സ്വദേശിയായ അധ്യാപിക ശ്രുതി (24) അവസാനമായി സ്വന്തം മാതാപിതാക്കൾക്ക് അയച്ച വാട്‌സാപ്പ് സന്ദേശമാണിത്.

വിവരമറിഞ്ഞ് ശ്രുതിയുടെ പിതാവ് ബാബു കുടുംബത്തിനൊപ്പം കോയമ്പത്തൂരിൽനിന്ന് ശുചീന്ദ്രത്തേക്കു പുറപ്പെടുന്നതിനു മുൻപ് തന്നെ ശ്രുതി ജീവനൊടുക്കിയിരുന്നു. ഭർതൃമാതാവിന്റെ പീഡനം സഹിക്കാൻ കഴിയാതെ മനംനൊന്താണ് മകൾ ജീവനൊടുക്കിയതെന്നും നടപടി എടുക്കണമെന്നും ബാബുവിന്റെ പരാതിയിൽ പറയുന്നു.