എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 22-ന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പരീക്ഷാഫലം വന്നാലുടൻ സർട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കും. മെയ് 22ന് ഹയർ സെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫലപ്രഖ്യാപനം കഴിഞ്ഞാൽ ഉടൻ തന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ സ്വീകരിക്കും. അതിന്റെ ഫലം മെയ് അവസാനവാരം പ്രഖ്യാപിക്കും. പ്ലസ് വൺ പരീക്ഷാ ഫലം ജൂൺ 10-ന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപകർക്ക് അക്കാദമിക് സ്പിരിറ്റ് ഇല്ലാത്തത് അംഗീകരിക്കാൻ കഴിയില്ലെന്നും കർശനമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും ശിവൻകുട്ടി മുന്നറിയിപ്പ് നൽകി.

പഠന പിന്തുണാ ക്ലാസുകൾ പൂർത്തിയായി. രാവിലെ 7.30 മുതൽ 10.30 വരെയാണ് ക്ലാസുകൾ. എല്ലാവിധ സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കിയായിരുന്നു ക്ലാസ്. ഉയർന്ന താപനില രേഖപ്പെടുത്തിയ ജില്ലകളിൽ ഓൺലൈനായി ക്ലാസുകൾ നടത്തി. ക്ലാസുകൾ നടത്താൻ കഴിയാത്ത സ്ഥലങ്ങളിൽ മാനദണ്ഡങ്ങൾ പ്രകാരം മാർക്ക് നൽകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.