മന്ത്രി ജെ ചിഞ്ചു റാണിയുടെ വാഹനം അപകടത്തിൽപ്പെട്ട സംഭവം; ഒരാളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കല്ലമ്പലം: മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ആറ്റിങ്ങൽ ആലങ്കോട് വഞ്ചിയൂർ സ്വദേശി രജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. രജിത്തിനെ കൂടാതെ ദീപു(41), ബിനു (44) എന്നിവരെയും കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയായിരുന്നു മന്ത്രിയുടെ വാഹനം അപകടത്തിൽപ്പെട്ടത്. സ്വിഫ്റ്റ് കാർ മന്ത്രിയുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകടകാരണം എന്നാണ് പൊലീസ് വിലയിരുത്തൽ. അപകടത്തിൽ ആർക്കും പരിക്കുണ്ടായിരുന്നില്ല.