കൊച്ചി: പുലിപ്പല്ലു കോർത്ത മാല ധരിച്ചതിന്റെ പേരിൽ ഏഴു വർഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി സംഗീതകാരനായ വേടനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം. സാങ്കേതികമായി ഇക്കാര്യത്തിൽ ന്യായം പറയാനുണ്ടാവുമെങ്കിലും ഈ നടപടി നീതിയുടെ വിശാലതാത്പര്യത്തിന് നിരക്കുന്നതല്ലെന്ന്, ഇടതു സഹയാത്രികൻ കൂടിയായ സുനിൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

പുലിനഖമാല മുതൽ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകൾ നമുക്കു ചുറ്റുമുണ്ട്. അതിന്റെയെല്ലാം തെളിവുകൾ പൊതുസമൂഹത്തിനു മുന്നിലുമുണ്ട്. അതെല്ലാം ഒരു നടപടിക്കും വിധേയമാകാതെ തുടരുമ്പോഴാണ്, സ്‌റ്റേഷൻ ജാമ്യം കിട്ടിയ കേസിന്റെ തുടർച്ചയിൽ ഏഴു വർഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി വേടനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നമ്മുടെ പൊതുസംസ്‌കാരത്തിൽ നിലീനമായ സവർണ്ണതയെ ആഴത്തിൽ വെല്ലുവിളിക്കുന്നതാണ് വേടന്റെ കല. സംഗീതത്തിന്റെ ജനാധിപത്യവത്കരണത്തിന് ഒരുപാട് ഊർജ്ജം പകർന്ന ഒന്നാണത്. വേടന്റെ കലയ്ക്കും അതിന്റെ രാഷ്ട്രീയത്തിനുമെതിരായ കടന്നാക്രമണം കൂടിയാണ് ഈ നടപടിയെന്ന് സുനിൽ പി ഇളയിടം പറഞ്ഞു. കഞ്ചാവു കേസിൽ നിയമപരമായ നടപടികൾ തുടരുമ്പോൾ തന്നെ ഇക്കാര്യത്തിൽ പുന:പരിശോധന നടത്താനും വേണ്ട തിരുത്തലുകൾ വരുത്താനും അധികാരികൾ തയ്യാറാകണമെന്ന് സുനിൽ കുറിപ്പിൽ ആവശ്യപ്പെട്ടു.

























