അച്ഛനും മകളും സാരഥികളായ ബസിൽ യാത്രചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കൊടുങ്ങല്ലൂർ: അച്ഛനും മകളും ഡ്രൈവറും കണ്ടക്ടറായി ജോലി ചെയ്യുന്ന ബസിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി.കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘രാമപ്രിയ’ ബസിലെ ഡ്രൈവർ തൈപ്പറമ്പിൽ ഷൈനിന്റെയും മകൾ എം.കോം. വിദ്യാർഥികൂടിയായ കണ്ടക്ടർ അനന്തലക്ഷ്മിയുടെയും വാർത്തയറിഞ്ഞ് ഇവരെ അനുമോദിക്കാനാണ് സുരേഷ് ഗോപി എത്തിയത്.

ശ്രീകുരുംബ ഭഗവതീക്ഷേത്രദർശനം കഴിഞ്ഞ് രാവിലെ 8.40-ഓടെ വടക്കേനടയിലെ ക്ഷേത്രമൈതാനിയിലെത്തിയ കേന്ദ്രമന്ത്രി, ഷൈനിനെയും മകൾ അനന്തലക്ഷ്മിയെയും ഇവർക്കു പ്രചോദനമായി നിന്ന, അമ്മയും നഗരസഭയിലെ 43-ാം വാർഡ് ബി.ജെ.പി. കൗൺസിലറുമായ ധന്യാ ഷൈനിനെയും പൊന്നാടചാർത്തി. അനന്തലക്ഷ്മിയെ തോളിൽത്തട്ടി അനുഗ്രഹിച്ചു.

ബസിന് വരുന്ന ചെലവുകളെയും ബാങ്ക് ലോണിനെയും കുറിച്ച് ചോദിച്ചറിഞ്ഞു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ, മണ്ഡലം പ്രസിഡന്റുമാരായ പ്രിൻസ് തലശ്ശേരി, ജിതേഷ്, കെ.പി. ഉണ്ണികൃഷ്ണൻ, കെ.വി. വിനോദ്, ശെൽവൻ മണക്കാട്ടുപടി, പി.എസ്. അനിൽകുമാർ, ടി.എസ്. സജീവൻ എന്നിവരും പ്രവർത്തകരും ബസിൽ കയറി.