തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പുരാതനമായ യാത്രാ പാരമ്പര്യങ്ങളിലൊന്നായ തീർഥാടന യാത്രകളെ സമകാലിക ആതിഥേയത്വത്തിന്റെ മികവിലൂടെ പുനർനിർവചിക്കുന്ന നിർണ്ണായക നീക്കത്തിൻ്റെ ഭാഗമായി താമര ലെഷർ എക്സസ്‌പീരിയൻസസ് രാജ്യത്തെ ആദ്യത്തെ ഫെയ്ത്ത് ഇന്റലിജന്റ് ഹോസ്‌പിറ്റാലിറ്റി ബ്രാൻഡായ റേ ബൈ താമര അവതരിപ്പിച്ചു. ആത്മീയ യാത്രകളുടെ വൈകാരികതയും മികച്ച ആതിഥേയത്വ സേവനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് രാജ്യത്തെ യാത്രാ മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു ബ്രാൻഡ് അവതരിപ്പിക്കുന്നത്. ആത്മീയ യാത്രയെ കേവലം ഒരു തീർഥാടനമോ ലക്ഷ്യസ്ഥാനത്തെത്താനുള്ള യാത്രയോ എന്നതിനപ്പുറം കൂടുതൽ അർഥവത്തായ അനുഭവമാക്കി മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 450,000 ത്തിലധികം മത-സാംസ്കാരിക കേന്ദ്രങ്ങളുള്ള ഇന്ത്യയിലെ ആത്മീയ വിനോദസഞ്ചാര വിപണിക്ക് ഏറെ നിർണ്ണായകമായ ഒരു സമയത്താണ് ഈ പുതിയ ചുവടുവെപ്പ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ ടൂറിസം വിപണികളിലൊന്നായ ഇന്ത്യയിൽ ആകെ ആഭ്യന്തര യാത്രകളുടെ 60 ശതമാനത്തിലധികവും ഈ മേഖലയിൽ നിന്നാണ്. 140 കോടിയിലധികം ആഭ്യന്തര സന്ദർശനങ്ങളും 90 ലക്ഷത്തിലധികം വിദേശ വിനോദസഞ്ചാരികളുടെ വരവും ഇതിനകം രേഖപ്പെടുത്തി യിട്ടുണ്ട്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ഉയർന്ന നിലവാരത്തിലുള്ള യാത്രാ അനുഭവങ്ങൾ, ഉപഭോക്താക്കളുടെ മാറിവരുന്ന താൽപര്യങ്ങൾ എന്നിവ രാജ്യത്തുടനീളം ആത്മീയ വിനോദസഞ്ചാരത്തിൻ്റെ വളർച്ചയ്ക്ക് വേഗത കൂട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് കോവിഡിന് ശേഷം സംസ്‌കാരവുമായി ആഴത്തിൽ ബന്ധപ്പെട്ടതും കുടുതൽ അർഥവത്തായ അനുഭവങ്ങൾ തേടുന്നതുമായ സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതാണ് ഈ മേഖലയിലെ വൻ മുന്നേറ്റത്തിൻ്റെ പ്രധാന കാരണം.

രാജ്യത്തെ ആത്മീയ ടൂറിസം മേഖല ചരിത്രപരമായ ഒരു നിർണായക വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. ഒരുകാലത്ത് ആളുകളുടെ എണ്ണത്തിനും യാത്രാ സൗകര്യങ്ങൾക്കും മാത്രം മുൻഗണന നൽകിയിരുന്ന ഈ മേഖല ഇന്ന് അനുഭവങ്ങൾക്കും കൃത്യമായ ലക്ഷ്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒന്നായി മാറിക്കഴിഞ്ഞു. ഈ മാറ്റം ആത്മീയ ടൂറിസം മേഖലയിലെ പ്രീമിയം സേവനങ്ങളുടെ ശക്തമായ വളർച്ചയ്ക്ക് കാരണമാകുന്നുവെന്ന് താമര ലെഷർ എക്സ‌്‌പീരിയൻസസ് സിഇഒ സമീർ എം.സി പറഞ്ഞു. മിഡ്-അപ്കെയിൽ, പ്രീമിയം തീർഥാടന താമസസൗകര്യ മേഖലകൾ പ്രതിവർഷം 20 മുതൽ 24 ശതമാനം വരെ സംയോജിത വളർച്ചാ നിരക്ക് രേഖപ്പെടുത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്രയും വലിയ വിപണി ഉണ്ടായിട്ടും ആത്മീയ ടൂറിസത്തിന് മാത്രമായി രൂപകൽപ്പന ചെയ്ത പ്രത്യേക ഹോസ്‌പിറ്റാലിറ്റി ബ്രാൻഡ് ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടില്ല. നിലവിലുള്ള പരമ്പരാഗത ഹോസ്‌പിറ്റാലിറ്റി രീതികളെ ഇത്തരം തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് മാറ്റുക മാത്രമാണ് ചെയ്‌തത്. യാത്രയുടെ ഉദ്ദേശ്യത്തെയും അതിന്റെ വൈകാരിക, സാംസ്‌കാരിക യാഥാർത്ഥ്യങ്ങളെയും യഥാർത്ഥത്തിൽ മനസ്സിലാക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടില്ല. വിപണിയിലെ വ്യക്തമായൊരു പോരായ്‌മയെയാണ് ഇത് കാണിക്കുന്നത്. റേ ബൈ താമരയിലൂടെ തങ്ങൾ തികച്ചും പുതിയൊരു ഹോസ്‌പിറ്റാലിറ്റി വിഭാഗത്തിന് രൂപം നൽകുകയാണ്. രാജ്യത്ത് ആത്മീയ യാത്രകൾ അനുഭവവേദ്യമാക്കുന്നതിൽ ഇതൊരു പുതിയ മാനദണ്ഡം കൊണ്ടുവരും. സവിശേഷമായ രൂപകൽപ്പന, കൃത്യമായ സേവനം, ലക്ഷ്യബോധം എന്നിവയോടെയുള്ള ഈ ബ്രാൻഡ് ഉത്തരവാദിത്തമുള്ള ആതിഥേയത്വ സംസ്കാരം, പാരമ്പര്യം, പ്രാദേശിക തനിമ എന്നിവ കാത്തുസൂക്ഷിക്കുകയെന്ന താമരയുടെ വലിയ കാഴ്ചപ്പാടിനെയാണ് കാണിക്കുന്നതെന്നും സമീർ എം.സി കൂട്ടിച്ചേർത്തു.


ഉത്തരവാദിത്തമുള്ള ആതിഥേയത്വവും അവിസ്‌മരണീയമായ അനുഭവങ്ങളും സമന്വയിപ്പിക്കുക എന്നതാണ് റേ ബൈ താമരയുടെ അടിസ്ഥാന തത്വശാസ്ത്രം. തീർത്ഥാടന പശ്ചാത്തലത്തിലുള്ള ആതിഥേയത്വം തികച്ചും ലളിതവും, അനാവശ്യ ഇടപെടലുകൾ ഇല്ലാത്തതും തീർത്ഥാടകരുടെ ആവശ്യങ്ങളെയും മനസ്സിനെയും കുറിച്ച് അതീവ ബോധ്യമുള്ളതുമായിരിക്കണം എന്ന വ്യക്തമായ കാഴ്ചപ്പാടിലാണ് ബ്രാൻഡ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പ്രകാശകിരണം, പ്രഭ, അനുഗ്രഹം എന്നീ അർഥങ്ങൾ സൂചിപ്പിക്കുന്ന ‘റേ’ എന്ന പേരിൽ നിന്നാണ് ബ്രാൻഡിന്റെ പേര് ഉരുത്തിരിഞ്ഞത്. എല്ലാ മതങ്ങളിലും പവിത്രതയുടെ ഏറ്റവും പുരാതനവും സേവനങ്ങൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ പ്രതീകമാണിത്. റേ അനുഭവം രൂപകൽപ്പന ചെയ്യുന്നതിനും നൽകുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി അഞ്ച് പ്രധാന ദർശനങ്ങളാണ് ബ്രാൻഡ് പിന്തുടരുന്നത്. റേ ഓഫ് ലൈറ്റ് ദൈവികതയെയും വ്യക്തതയെയും പ്രതിനിധീകരിക്കുകയും പവിത്രതയുടെ സത്തയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. റേ ഓഫ് ഹോപ്പ് തീർഥാടകരുടെ ആത്മീയ ലക്ഷ്യബോധത്തെ സൂചിപ്പിക്കുന്നതും ഓരോ ആത്മീയ യാത്രയുടെയും തുടക്കത്തെ പ്രതിനിധീകരിക്കുന്നതുമാണ്. റേ ഓഫ് ഗ്രാറ്റിറ്റ്യൂഡ് എന്നത് ദർശനത്തിന് ശേഷമുണ്ടാകുന്ന കൃതജ്ഞതാ ഭാവമാണ് ഇത് മനസ്സിന് വൈകാരികമായ പൂർണ്ണത നൽകുന്നു. റേ ഓഫ് ഒപ്റ്റിമിസം തീർഥാടന യാത്രകളുടെ പുലർകാല ക്രമങ്ങളോട് ബന്ധിപ്പിച്ചുള്ള പ്രത്യാശയുടെയും പുതിയ തുടക്കങ്ങളുടെയും പ്രതീകമാണ്. റേ ഓഫ് എനർജി ജീവിതലക്ഷ്യങ്ങളുടെ പുനരുജ്ജീവനത്തെയും ശാരീരികവും ആത്മീയവുമായ ഉന്മേഷത്തെയും വ്യക്തതയെയും പ്രതിനിധീകരിക്കുന്നു.
ഗുരുവായൂരിലും കുംഭകോണത്തുമുള്ള കമ്പനിയുടെ സ്വന്തം പ്രോപ്പർട്ടികളും വെളാങ്കണ്ണിയിൽ വരാനിരിക്കുന്ന പുതിയ പ്രോപ്പർട്ടിയും റേ ബൈ താമര ബ്രാൻഡിലേക്ക് മാറ്റിക്കൊണ്ടായിരിക്കും ഒന്നാം ഘട്ടത്തിന് തുടക്കം കുറിക്കുക. കൂടാതെ തിരുപ്പതി, പളനി, തിരുവണ്ണാമലൈ എന്നിവിടങ്ങളിൽ അസറ്റ്-ലൈറ്റ് മാതൃകയിലുള്ള പുതിയ പ്രോപ്പർട്ടികളും കമ്പനി ആരംഭിക്കുന്നുണ്ട്. ഇതിൽ ഗുരുവായൂരിലെ പ്രോപ്പർട്ടി ഈ വരുന്ന ജുലൈ മാസത്തിലും കുംഭകോണത്തെ പ്രോപ്പർട്ടി ആഗസ്റ്റിലും തീർത്ഥാടകർക്കായി തുറന്നുനൽകും. വെളാങ്കണ്ണി, തിരുപ്പതി, തിരുവണ്ണാമലൈ പ്രോപ്പർട്ടികൾ 2027 പ്രവർത്തനമാരംഭിക്കും. പുതിയ വികസന പദ്ധതികളും നിലവിലുള്ള തെരഞ്ഞെടുത്ത പ്രോപ്പർട്ടികളും സംയോജിപ്പിച്ചുകൊണ്ട് 00 ബൈ താമരയുടെ ബ്രാൻഡ് മൂല്യങ്ങൾക്കനുസൃതമായി പുനർരൂപകൽപ്പന ചെയ്‌താണ് ഈ സമഗ്രമായ ശൃംഖല ഒരുക്കുന്നത്. സാംസ്‌കാരിക പ്രാധാന്യം, തീർഥാടകരുടെയും സന്ദർശകരുടെയും ആവശ്യകത, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, താമരയുടെ പ്രവർത്തന ശൈലിയുമായി യോജിക്കുന്നുവെന്ന് കൃത്യമായി വിലയിരുത്തിയാണ് ഓരോ തീർത്ഥാടന കേന്ദ്രവും കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത്. വിശ്വാസം, യാത്ര, പാരമ്പര്യം, ഉത്തരവാദിത്തമുള്ള ആതിഥേയത്വം എന്നിവയെ അതീവ ഗൗരവത്തോടെയും കൃത്യതയോടെയും സമീപിക്കുന്ന കമ്പനിയുടെ സാംസ്കാരിക നേതൃത്വത്തെയാണ് ഇത് വ്യക്തമാക്കുന്നത്. ഈ മേഖലയിൽ ഒരു പുതിയ മാറ്റത്തിന് വഴിതുറക്കുന്ന ശക്തമായൊരു ശൃംഖലയ്ക്കാണ് ഈ കേന്ദ്രങ്ങളിലൂടെ കമ്പനി അടിത്തറയിടുന്നത്.
ആരാധനാലയങ്ങൾക്ക് സമീപം ഹോട്ടലുകൾ നിർമ്മിക്കാൻ മാത്രമല്ല മറിച്ച് ഏത് വിശ്വാസ വിഭാഗത്തിൽപ്പെട്ടവരായാലും രാജ്യത്തിൻ്റെ ഏത് ഭാഗത്തേക്കുള്ള ആത്മീയ യാത്ര ആയാലും ജീവിതകാലം മുഴുവൻ തീർഥാടന യാത്രകൾ നടത്തുന്ന വിശ്വാസികൾക്ക് ആശ്രയിക്കാവുന്ന ഒരു വിശ്വസ്ത ശൃംഖല സൃഷ്ടിക്കാനാണ് റേയിലൂടെ ലക്ഷ്യമിടുന്നത്. സുസ്ഥിരമായ ആവശ്യകതയും, കൂടുതൽ വ്യവസ്ഥാപിതവും അനുഭവങ്ങൾക്ക് മുൻഗണന നൽകുന്നതുമായ ആത്മീയ യാത്രകളിലേക്കുള്ള വർധിച്ചുവരുന്ന താൽപര്യവും മുൻനിർത്തി രാജ്യത്തുടനീളമുള്ള പ്രധാന തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ആത്മീയ ടൂറിസം ശൃംഖലയിൽ 2030-ഓടെ റേ ബ്രാൻഡിന് കീഴിൽ ഏകദേശം 25 പ്രോപ്പർട്ടികൾ കരാറൊപ്പിടുകയോ പ്രവർത്തനസജ്ജമാവുകയോ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമീർ എം.സി കുട്ടിച്ചേർത്തു.
സാധാരണ ഹോട്ടൽ താമസങ്ങൾക്കപ്പുറം ആത്മീയ യാത്രയുടെ തുടർച്ചയ്ക്ക് ഒട്ടും ഭംഗം വരാത്ത രീതിയിലാണ് ഈ യാത്രാനുഭവത്തിൻ്റെ ഓരോ ഘടകവും സൂക്ഷ്‌മമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പ്രാദേശിക സംസ്കാരവുമായി ചേർന്നുനിൽക്കുന്ന സഹയാത്രികർ, ആരാധനാലയങ്ങളിലെ സമയക്രമങ്ങളുമായി യോജിപ്പിച്ച പ്രവർത്തനരീതി, യാത്രയ്ക്ക് മുൻപുള്ള വ്യക്തിഗത ആചാര-അനുഷ്‌ഠാന വിവരങ്ങൾ ലഭ്യമാക്കുന്ന വ്യക്തിഗത സേവനങ്ങൾ, വിശ്വാസപരമായ ആവശ്യങ്ങൾ പരിഗണിച്ചുള്ള ഭക്ഷണക്രമങ്ങൾ എന്നിവ ഉൾപ്പടെ റേ ബൈ താമരയിലെ ഓരോ ഘടകവും ആധുനിക തീർത്ഥാടകരുടെ ആവശ്യങ്ങൾ കൃത്യമായി കണ്ടറിഞ്ഞ് സേവനങ്ങൾ ലഭ്യമാക്കാനുള്ള രീതിയിലായാണ് ഒരുക്കിയിരിക്കുന്നത.
തീർത്ഥാടനം എന്നത് കേവലം യാത്രാസൗകര്യങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല മറിച്ച് കൂടുതൽ ആഴത്തിലുള്ളതും, ലക്ഷ്യബോധമുള്ളതും, തികച്ചും വ്യക്തിപരവുമായ യാത്രാനുഭവങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. ആചാരാനുഷ്‌ഠാനങ്ങളോടുള്ള ആദരവും സൂക്ഷ്‌മതയും, പ്രാദേശിക പങ്കാളിത്തം, ആധുനിക ആതിഥേയത്വ നിലവാരം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് രാജ്യത്തെ ആത്മീയ ടൂറിസം മേഖലയുടെ ഭാവി തന്നെ പുനർനിർവ്വചിക്കുന്ന പുതിയൊരു ഹോസ്‌പിറ്റാലിറ്റി വിഭാഗത്തിന് തുടക്കമിടാനാണ് റേ ബൈ താമര ലക്ഷ്യമിടുന്നത്.























