വിദ്യാർത്ഥിയുടെ കർണപടം അടിച്ചു പൊട്ടിച്ച സംഭവം; ‘അടിച്ചത് ലക്ഷ്യം തെറ്റിയെന്ന് അധ്യാപകൻ’, കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കാസർകോട്: കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അധ്യാപകൻ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കർണപടം അടിച്ചു പൊട്ടിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതിനിടെ, വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചെന്ന് സമ്മതിച്ചതായി പിടിഎ പ്രസിഡൻറ് വ്യക്തമാക്കി. അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്ന് ഹെഡ്‍മാസ്റ്റർ വിശദീകരിച്ചെന്നും പിടിഎ പ്രസിഡൻറ് എം മാധവൻ പറഞ്ഞു. കുട്ടിക്ക് ചികിത്സാസഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടില്ലെന്നും എം മാധവൻ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ബിജെപിയും യൂത്ത് കോൺഗ്രസും അടക്കമുള്ളവർ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഹെഡ്മാസ്റ്ററെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ സ്കൂളിലേക്ക് മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും ജുവനൈൽ പോലീസ് നോഡൽ ഓഫീസറോടും അടിയന്തിര റിപ്പോർട്ട് നൽകാൻ നിർദേശം നൽകി. നാളെ കുട്ടിയുടെ വീട്ടിൽ കമ്മീഷൻ സന്ദർശനം നടത്തും.

വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷന് പരാതി നൽകാനാണ് കുടുംബത്തിൻറെ തീരുമാനം. കുട്ടിയെ അസംബ്ലിയിൽ വെച്ച് അടിക്കുന്നത് കണ്ട അനിയത്തിക്ക് മാനസിക വിഷമം മൂലം ഛർദിയും തലകറക്കവുമുണ്ടായെന്ന് അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അസംബ്ലിയിൽ നിൽക്കുമ്പോൾ ചരൽക്കല്ല് കാല് കൊണ്ട് നീക്കിയതിന് കുട്ടിയെ ഹെഡ്മാസ്റ്റർ ചെവിക്ക് അടിച്ചത്. സംഭവത്തിൽ വിശദമായ പരിശോധന നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.