പൂജപ്പുരയിൽ ജയിൽ വകുപ്പിന്റെ കഫ്റ്റീരിയയിൽ മോഷണം; നാലു ലക്ഷം രൂപ കവർന്നു

തിരുവനന്തപുരം: ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ നിന്ന് പണം മോഷണം പോയി. പൂജപ്പുര സെൻട്രൽ ജയിലിന്റെ ഭാഗമായുള്ള കഫ്റ്റീരിയിൽ വെച്ചിരുന്ന നാലു ലക്ഷം രൂപയാണ് മോഷണം പോയത്. ഇന്ന് ട്രഷറിയിൽ അടയ്ക്കാൻ വെച്ചിരുന്ന പണമാണ് നഷ്ടമായതെന്ന് ജയിൽ വകുപ്പ് അധികൃതർ പറയുന്നു. തടവുകാർ ഉൾപ്പെടെയാണ് കഫേയിൽ ജോലി ചെയ്യുന്നത്. സ്ഥലത്തെ ഒരു ക്യാമറ പോലും പ്രവർത്തിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി മോഷണം നടന്നതായാണ് നിഗമനം.

കഴിഞ്ഞ മൂന്നു ദിവസത്തെ വരുമാനമാണ് മോഷണം പോയത്. ജയിൽ ജീവനക്കാർക്കൊപ്പം തടവുകാരും കഫ്റ്റീരിയയിൽ ജോലി ചെയ്യുന്നുണ്ട്.

ഭക്ഷണശാലക്ക് പുറകിലായുള്ള മറ്റൊരു മുറിയുണ്ട്. ഭക്ഷണശാല പൂട്ടിയിട്ട് താക്കോൽ ഒരു സ്ഥലത്ത് വെച്ചിരുന്നു. ഈ താക്കോലെടുത്ത് പിന്നിലെ മുറി തുറന്ന് മേശയ്ക്കുള്ളിൽ നിന്ന് പണം എടുത്തുകൊണ്ടുപോയെന്നാണ് ജയിൽ അധികൃതർ പറയുന്നത്. താക്കോലും പണവും എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.