ഇതുവരെ കണ്ടെത്തിയത് അഞ്ചു ശംഖുവരയൻ പാമ്പുകളെ; മരിച്ച അൽജോയുടെ വീടിന്റെ തറ പൊളിച്ച് പരിശോധിക്കുന്നു

തൃശൂർ: കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന നടത്തുന്നു. ഉറക്കത്തിൽ പാമ്പുകടിയേറ്റു മരിച്ച കാവുങ്ങൽ അൽജോയുടെ വീട്ടിലാണ് പരിശോധന. തുടർച്ചയായി പാമ്പുകളെ കാണുന്ന സാഹചര്യത്തിലാണ് നടപടി. വനംവകുപ്പ് ഉദ്യോഗസ്ഥർ, സ്‌നേക്ക് റെസ്‌ക്യൂവർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന. വീടിന്റെ ശുചിമുറിയുടെ പൈപ്പിന്റെ ഭാഗത്താണ് പൊളിച്ച് പരിശോധന നടത്തുന്നത്. അതുവഴിയാണ് പാമ്പ് അകത്തു കടക്കുന്നതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ആ ഭാഗം പൊളിക്കുന്നത്.

ഇന്നലെയും രണ്ടു പാമ്പുകളെ വീടിനുള്ളിൽ നിന്നും കണ്ടെത്തിയിരുന്നു. ശുചിമുറിയിൽ നിന്നും മുറിക്കുള്ളിൽ നിന്നുമാണ് രണ്ടു പാമ്പുകളെ കണ്ടത്. ഇതോടെ അഞ്ചു തവണയാണ് വീട്ടിൽ നിന്നും ശംഖുവരയൻ പാമ്പുകളെ ലഭിക്കുന്നത്. നാലെണ്ണത്തെ വീടിന് അകത്തു നിന്നും ഒരെണ്ണത്തെ വീടിന് പുറത്തു നിന്നുമാണ് പാമ്പുകളെ പിടികൂടിയത്. പാമ്പുകടിയേറ്റ് കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അൽജോയുടെ സഹോദരൻ അനോഷിന്റെ (10) നില കൂടുതൽ മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ പറഞ്ഞു.