മുണ്ടത്തിക്കോട് ദുരന്തഭൂമിയിൽ ഇന്നും തിരച്ചിൽ തുടരും

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തഭൂമിയിൽ നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന എളുപ്പമാക്കാൻ തൃശൂർ മെഡിക്കൽ കോളജിൽ മൊബൈൽ ഡിഎഎ ടെസ്റ്റിങ് യൂണിറ്റ് സജ്ജമാക്കി. പരിശോധനയിൽ കൂടുതൽ ശരീരഭാഗങ്ങൾ കിട്ടുന്ന സാഹചര്യത്തിലാണ് നടപടി. പരിസര പ്രദേശത്ത് നിന്ന് ഇന്നലെ നടന്ന പരിശേധനയിൽ പത്ത് ശരീരഭാഗങ്ങൾ കൂടി കിട്ടിയിരുന്നു. നാളെ മുതൽ ഡിഎൻഎ പരിശോധനഫലങ്ങൾ വന്നു തുടങ്ങുമെന്നാണ് റിപ്പോർട്ട്.

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്‌നോളജിയുടെ മൊബൈൽ യൂണിറ്റ് ആണ് എത്തിച്ചിരിക്കുന്നത്. സാധാരണഗതിയിൽ ഒരാഴ്ച മുതൽ മൂന്നാഴ്ച വരെയാണ് ഡിഎൻഎ പരിശോധന ഫലം വരാനെടുക്കുന്നത്. എന്നാൽ മൊബൈൽ യൂണിറ്റിൻ്റെ സഹായത്തോടെ മൂന്ന് ദിവസം കൊണ്ട് പരിശോധന ഫലം അറിയാം. ഇന്നലെ വരെ കിട്ടിയ 103 ശരീരഭാഗങ്ങളിൽ നിന്നുള്ള ഡിഎൻഎ സാമ്പിളുകൾ ഇന്നലെ രാത്രിയോടെ തന്നെ ഐസൊലേഷൻ ചെയ്തു. തിരുവനന്തപുരം ലാബിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു. അന്തിമ പരിശോധന ഫലം തിരുവനന്തപുരത്തെ ലാബിൽ നിന്നാണ് ലഭിക്കുക. അതേസമയം മുണ്ടത്തിക്കോട് ദുരന്തഭൂമിയിൽ ഇന്നും കഡാവർ നായകളെ ഉപയോഗിച്ച് പരിശോധന തുടരും. തൃശൂർ മെഡിക്കൽ കോളജിൽ പത്ത് പേരാണ് ചികിത്സയിലുള്ളത് അതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.