വേടൻ ഒളിവിൽ, പൊലീസ് സംരക്ഷണം നൽകിയിട്ടില്ല; കമ്മീഷണർ

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടൻ ഒളിവിൽ ആണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. വേടന് പൊലീസ് സംരക്ഷണം നൽകിയിട്ടില്ല. ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്. കേസിൽ അന്വേഷണം ശരിയായ രീതിയിൽ തന്നെയാണ് നടക്കുന്നത്. തെളിവുശേഖരണവും സാക്ഷികളുടെ മൊഴിയെടുപ്പും ഊർജ്ജിതമായി തന്നെ മുന്നോട്ടു പോകുന്നുണ്ടെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു. വേടനെതിരെ പുതിയ പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി.

ബലാൽസംഗ കേസിൽ റാപ്പർ വേടൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻറെ ബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത്. വേടൻ വിവാഹ വാഗ്ദാനം നൽകി ബലാൽസംഗം ചെയ്തുവെന്നായിരുന്നു പരാതിക്കാരിയുടെ വാദം. വേടൻ സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷക കോടതിയിൽ അഭിപ്രായപ്പെട്ടപ്പോൾ, എങ്ങിനെ സ്ഥിരം കുറ്റവാളിയെന്ന് പറയാനാകുമെന്ന് കോടതി ചോദിച്ചു. വാദം കേൾക്കുന്നതു വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.