തിമിരി ബോംബേറ് കേസ്: സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

കണ്ണൂർ: തളിപ്പറമ്പ് തിമിരി ബോംബേറ് കേസിൽ സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ് ശിക്ഷ. പഞ്ചായത്ത് അംഗം ഉൾപ്പടെ പത്ത് സിപിഎം പ്രവർത്തകരെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കേസിൽ സിപിഎം പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2011 നവംബർ 27 നായിരുന്നു സംഭവം.

ബിജെപി-ആർഎസ്എസ് പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. ആർഎസ്എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തർക്കം നിലനിന്നിരുന്നു. 2011 നവംബർ 27 ന് വൈകിട്ട് 4.30ഓടെ തിമിരി ഔവർ കോളജിനു സമീപത്തു വച്ച് വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ബിജെപി-ആർഎസ്എസ് പ്രവർത്തകർക്കു നേരെ ബോംബെറിഞ്ഞുവെന്നാണ് കേസ്. അക്രമത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു.