ഹോട്ടലിലെ വിഷു ആശംസ പോസ്റ്റർ വിവാദം; മാർച്ച് നടത്തിയ വിഎച്ച്പി, ബിഡിജെഎസ്, ബിജെപി പ്രവർത്തകർക്കെതിരെ കേസ്

ആലപ്പുഴ: വിവാദ വിഷു ആശംസ പരസ്യത്തിന്റെ പശ്ചാത്തലത്തിൽ ഹോട്ടലിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ കേസ്. വിഎച്ച്പി, ബിഡിജെഎസ്, ബിജെപി പ്രവർത്തകർക്ക് എതിരെയാണ് കേസ്. അനുമതിയില്ലാതെ മാർച്ച് നടത്തിയ സംഭവത്തിലാണ് പൊലീസ് നടപടി. വിഷയത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരണം നടത്തിയവർക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്.

വിഷുവിനോടനുബന്ധിച്ച് നൽകിയ ഹോട്ടലിന്റെ പരസ്യത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണത്തിന് മുതിർന്നാൽ കർശന നടപടി നേരിടേണ്ടിവരുമെന്ന് വെള്ളിയാഴ്ച തന്നെ കേരള പൊലീസ് വ്യക്തമാക്കിയിരുന്നു. പരസ്യചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തിയതിന് പ്രസ്തുത വ്യക്തിക്കെതിരെ കേസെടുത്തിട്ടുണ്ട്. വിഷയത്തിൽ നിയമ നടപടികൾ പുരോഗമിക്കുകയാണ്.

ഈ അവസരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വിദ്വേഷ പ്രചാരണം നടത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു പൊലീസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചത്. മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുകയോ സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. ഇത്തരം വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നവരെ ഉടനടി കണ്ടെത്തുന്നതിനായി സൈബർ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. വിഷുദിന ആശംസ പങ്കുവച്ച മന്തിക്കടയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിൽ ചേർത്തലയിൽ ഹോട്ടൽ ഉടമയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചേർത്തലയിലെ മെഹർ മന്തിക്കട ഉടമകളിലൊരാളായ ഹർഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.