നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു

കൊച്ചി: സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന കണ്ണൂർ കല്ല്യാശേരി സ്വദേശി മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബിന്റെ നടപടി.

അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ എറണാകുളം റൂറൽ സൈബർ പൊലീസാണ് നിഹാലിനെതിരെ കേസെടുത്തത്. സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പരിശോധിക്കുകയും സുഹൃത്തുക്കളുടെ മൊഴിയെടുക്കുകയും ചെയ്ത ശേഷമാണ് കേസെടുത്തതെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് എറണാകുളം സെഷൻസ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി.

ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, ലൈംഗിക ചൂഷണം, പോക്‌സോ കേസുകൾ തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ് തൊപ്പിക്കും സുഹൃത്തുക്കൾക്കുമെതിരെ നിലവിലുള്ളത്. ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖറാണ് വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഒട്ടേറെ വിവാദങ്ങളിൽ ഉൾപ്പെട്ട ഒരു യൂട്യൂബറാണ് തൊപ്പി. ഗെയിമിങ് വീഡിയോകളിലൂടെയും വ്‌ലോഗുകളിലൂടെയുമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. കുട്ടികളും കൗമാരക്കാരുമാണ് പ്രധാനമായും തൊപ്പിയുടെ വീഡിയോകളുടെ കാഴ്ചക്കാർ. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഇദ്ദേഹം യൂട്യൂബിൽ ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയത്. വീഡിയോകളിൽ സ്ഥിരമായി അശ്ലീല പദങ്ങളും ദ്വയാർഥ പ്രയോഗങ്ങളും ഉപയോഗിക്കുന്നതിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് നേരിട്ടിട്ടുള്ളത്.