മസാലദോശ കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം; മൂന്നു വയസ്സുകാരി മരിച്ചു

തൃശൂർ : ഹോട്ടലിൽ നിന്നും മസാലദോശ കഴിച്ചതിനെത്തുടർന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ മൂന്നു വയസ്സുകാരി മരിച്ചു. വെണ്ടോർ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് സംശയം.

ശനിയാഴ്ച വിദേശത്തു നിന്ന് എത്തിയ ഹെൻട്രിയെ കൂട്ടിക്കൊണ്ടുവരാൻ കുടുംബം നെടുമ്പാശ്ശേരിയിൽ എത്തിയിരുന്നു. അവിടെ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ ഹെൻട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിക്ക് സമീപമുള്ള ഹോട്ടലിൽ നിന്ന് മസാലദോശ കഴിച്ചിരുന്നു.

വീട്ടിലെത്തിയതോടെ ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ആദ്യം ഹെൻട്രിക്കാണ് അസ്വസ്ഥത ഉണ്ടായത്. പിന്നാലെ ഭാര്യയ്ക്കും ഒലിവിയയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി കുത്തിവെയ്‌പെടുത്ത് വീട്ടിലേക്ക് മടങ്ങി. തുടർന്നും ബുദ്ധിമുട്ട് അനുഭവപ്പെട്ട ഒലിവിയയെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒലിവിയയുടെ ആരോഗ്യസ്ഥിതി വഷളായി. ഇതോടെ വെണ്ടോറിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.