120 അടിയോളം ഉയരം, മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി

മൂന്നാര്‍: ഇടുക്കി മൂന്നാറിന് സമീപം സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഇടുക്കി ആനച്ചാലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം. അപകടത്തില്‍ കുടുങ്ങിയ കുട്ടി ഉള്‍പ്പെടെ 5 പേരെയും മണിക്കൂറുകള്‍ക്ക് ശേഷം താഴെയിറക്കി. 4 പേര്‍ കോഴിക്കോട്ട് നിന്നുള്ള സഞ്ചാരികളാണ്. 120 അടിയോളം ഉയരമുള്ള ക്രെയിനിന് തകരാര്‍ സംഭവിച്ചതാണ് സഞ്ചാരികള്‍ കുടുങ്ങാനിടയായത്. ക്രെയിനിന്റെ ഫ്യൂസ് പോയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചതാണ് അപകട കാരണമെന്നാണ് വിവരം.

2 മണിക്കൂറിലേറെയായി വിനോദ സഞ്ചാരികളും ജീവനക്കാരും കുടുങ്ങി. അടിമാലിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അഡ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി ആകാശത്ത് ഉയര്‍ന്ന് പൊങ്ങി അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണ് സ്‌കൈ ഡൈനിങ്.