വിരമിച്ചിട്ടും ഔദ്യോഗികമുദ്ര പതിപ്പിച്ച കാറിൽ യാത്ര: ടോമിൻ തച്ചങ്കരിക്ക് 250 രൂപ പിഴ

കോട്ടയം: വിരമിച്ചിട്ടും ഔദ്യോഗികമുദ്ര പതിപ്പിച്ച കാറിൽ സഞ്ചരിച്ച മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ചെറിയ തുക പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. 250 രൂപയാണ് മോട്ടോർ വാഹന വകുപ്പ് തച്ചങ്കരിക്ക് പിഴയിട്ടത്. പിഴ ഇന്നലെത്തന്നെ ടോമിൻ തച്ചങ്കരി അടച്ചു. അതേസമയം എഫ്‌ഐആർ ഇട്ട് കേസെടുക്കാനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം നടപ്പാക്കിയിട്ടില്ല.

ഡിജിപിയുടെ നക്ഷത്രചിഹ്നം വെച്ച കാറിൽ ടോമിൻ തച്ചങ്കരി സഞ്ചരിച്ച സംഭവത്തിൽ, എംവിഡി പിഴ ഈടാക്കിയതിനാൽ ഇനി കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പെറ്റി അടച്ച് കേസ് തീർപ്പാക്കാനാണ് ശ്രമമെന്നാണ് റിപ്പോർട്ടുകൾ. വിരമിച്ചിട്ടും സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക മുദ്ര ഉപയോഗിച്ചതിന്, തച്ചങ്കരിക്കെതിരെ കേസെടുക്കാൻ ഞായറാഴ്ചയാണ് ഡിജിപി നിർദേശം നൽകിയത്.

സ്വകാര്യ വാഹനത്തിൽ നക്ഷത്രമുദ്ര വച്ച് ടോമിൻ തച്ചങ്കരി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയിലെത്തിയപ്പോഴായിരുന്നു കാറിൽ നമ്പർ പ്ലേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഔദ്യോഗിക നക്ഷത്ര ചിഹ്നം മാധ്യമ ശ്രദ്ധയിൽപ്പെട്ടത്. ഡ്രൈവർക്ക് സംഭവിച്ച വീഴ്ചയാണെന്നും ത്രീസ്റ്റാർ ബോർഡ് വച്ച് താൻ യാത്ര ചെയ്തിട്ടില്ലെന്നുമാണ് തച്ചങ്കരിയുടെ വിശദീകരണം. കേരള പൊലീസിൽ ഡിജിപി റാങ്കിലുണ്ടായിരുന്ന ടോമിൻ ജെ തച്ചങ്കരി മൂന്നു വർഷം മുമ്പാണ് സർവീസിൽ നിന്നും വിരമിച്ചത്.