പാലക്കാട്: എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നതിനായി തുലാഭാരം നടത്തി കോൺഗ്രസ് നേതാവ്. കോൺഗ്രസ് തൃശൂർ മുൻ ജില്ലാ വൈസ് പ്രസിഡന്റ് സിഎം അനിൽ കുമാർ ആണ് കളഭം കൊണ്ട് കെസി വേണുഗോപാലിനായി തുലാഭാരം നടത്തിയത്. പാലക്കാട് ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്. പ്രശസ്തമായ കൈപ്പത്തി പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ഏമൂർ ഹേമാംബിക ക്ഷേത്രം, കെസി മുഖ്യമന്ത്രിയാകണമെന്ന് താൻ ഏറെ ആഗ്രഹിക്കുന്നതായി സിഎം അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസുകാരനായതുകൊണ്ടുതന്നെ കൈപ്പത്തി പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ പതിവായി പോകാറുണ്ടെന്നും അനിൽകുമാർ പറയുന്നു. കുടുംബാംഗങ്ങൾക്ക് വഴിപാട് നടത്തുന്നപോലെയാണ് തന്റെ പ്രിയ നേതാവായ കെസിക്ക് വേണ്ടി വഴിപാട് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മനസ് കൊണ്ടു കെസി മുഖ്യമന്ത്രിയാകണമെന്നാണ തന്റെ ആഗ്രഹം. ആ ആഗ്രഹം നിറവേറാൻ വേണ്ടിയാണ് കളഭം കൊണ്ട് വഴിപാട് നടത്തിയത്. അത് സാധിക്കുമെന്നാണ് കരുതുന്നെതെന്നും അനിൽകുമാർ പറഞ്ഞു. അതേസമയം, വിഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് ഇന്നും പോസ്റ്ററുകളും ബോർഡുകളും പ്രത്യക്ഷപ്പെട്ടു. ഇന്ന് മൂവാറ്റുപുഴയിലാണ് വിഡി സതീശനായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

























