മലപ്പുറം: വേങ്ങരയിൽ ഭാര്യയെ ഫോണിൽ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയതായി പരാതി. രണ്ടുവർഷംമുൻപ് വിവാഹിതയായ യുവതിയെയാണ് കൊണ്ടോട്ടി സ്വദേശി വീരാൻകുട്ടി ഫോണിൽ വിളിച്ച് ബന്ധം വേർപ്പെടുത്തിയതായി അറിയിച്ചത്. യുവതിയുടെ കുടുംബം നൽകിയ 30 പവൻ സ്വർണാഭരണങ്ങൾ തിരികെ നൽകിയില്ലെന്നും പരാതിയുണ്ട്. വീരാൻകുട്ടിയുടെ മാതാവാണ് സ്വർണമെല്ലാം സൂക്ഷിച്ചിരുന്നത്.

യുവതിയുടെ പിതാവിനോട് സംസാരിക്കുന്നതിന്റെ ഓഡിയോ ആണ് പുറത്തുവന്നത്. മകളെ മൂന്ന് തലാഖും ചൊല്ലിയെന്ന് അറിയിച്ച വീരാൻകുട്ടി, ഒപ്പിടാനുള്ളിടത്തൊക്കെ ഒപ്പിടാമെന്നും ഓഡിയോയിൽ പറയുന്നുണ്ട്. സ്വർണാഭരണങ്ങൾ ഭർത്താവും ബന്ധുക്കളും ഊരിവാങ്ങി. ആശുപത്രിയിൽവെച്ചാണ് മഹർ ഊരിയെടുത്തതെന്നും യുവതി പറയുന്നു.


യുവതിയെ മുത്തലാഖ് ചൊല്ലുമെന്ന് രണ്ട് മാസം മുൻപ് വീരാൻകുട്ടി യുവതിയുടെ പിതാവിനെ അറിയിച്ചിരുന്നു. 40 ദിവസം മാത്രമേ യുവതി ഭർതൃവീട്ടിൽ നിന്നിട്ടുള്ളൂ. അതിനുശേഷം യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നെങ്കിലും യുവതി അന്ന് ഗർഭിണിയായിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച കാര്യങ്ങളൊന്നും ഭർത്താവ് അന്വേഷിച്ചിരുന്നില്ലെന്നും യുവതി വ്യക്തമാക്കി.























