വിജയ്ക്ക് ഉപമുഖ്യമന്ത്രി പദം, 80 സീറ്റുകൾ; വാഗ്ദാനവുമായി ബിജെപി

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകവും (ടിവികെ) ബിജെപിയും തമ്മിലുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നു. സഖ്യത്തിന്റെ ഭാഗമായി വിജയിച്ചാൽ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദമാണ് ബിജെപി മുന്നോട്ട് വെച്ചിരിക്കുന്നത്. ടിവികെയ്ക്ക് 80 സീറ്റുകളും ബിജെപി വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. എങ്കിലും, മുഖ്യമന്ത്രി പദത്തിലാണ് വിജയ് യുടെ കണ്ണ്. ഇത് ചർച്ചകളിൽ ഒരു പ്രധാന തർക്കവിഷയമായി തുടരുന്നതായാണ് വിവരം. മറ്റൊരു സംസ്ഥാനത്തെ ഉപമുഖ്യമന്ത്രി വഴിയാണ് ബിജെപി വിജയ്‌യുമായി ചർച്ചകൾ ഏകോപിപ്പിക്കുന്നത്. ഇത് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായ പവൻ കല്യാൺ ആണെന്നാണ് റിപ്പോർട്ടുകൾ.

വിജയ്ക്ക് തമിഴ്നാട്ടിലുടനീളമുള്ള വലിയ ആരാധകവൃന്ദത്തെ വോട്ടാക്കി മാറ്റാനാണ് ബിജെപി ലക്ഷ്യമിടുന്നത്. നേരിയ വോട്ട് വ്യത്യാസങ്ങൾ പോലും വിജയപരാജയങ്ങൾ തീരുമാനിക്കുന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ, വെറും രണ്ട് ശതമാനം വോട്ടുകൾക്ക് പോലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ടിവികെയെ എൻഡിഎ പാളയത്തിൽ എത്തിക്കുന്നതിലൂടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുമെന്നാണ് പാർട്ടി തന്ത്രജ്ഞർ വിശ്വസിക്കുന്നത്. അതേസമയം, ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിൽ വിജയ്‌യുടെ അടുത്ത അനുയായികൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.