തമിഴ് ബിഗ്ബോസ്; രംഗങ്ങൾ സംസ്‌കാരത്തെ അപകീർത്തിപ്പെടുത്തുന്നത്, നിരോധിക്കണമെന്ന് ടിവികെ

ചെന്നൈ: തമിഴ്‌നാട്ടിൽ ബിഗ്‌ബോസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ പാർട്ടിയായ തമിഴക വാഴ്‌വുരിമയ് കച്ചി (ടിവികെ) രം​ഗത്ത്. ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ടിവികെ നേതാവും എംഎൽഎയുമായ വേൽമുരുകൻ ഈ ആവശ്യം ഉന്നയിച്ചത്. ബിഗ്‌ബോസിലെ ചില രംഗങ്ങൾ തമിഴ് സംസ്‌കാരത്തെ അപകീർത്തിപ്പെടുത്തുന്നുവെന്നാണ് പാർട്ടിയുടെ ആരോപണം.

തമിഴ്ജനതയുടെ സംസ്‌കാരവും ധാർമിക മൂല്യങ്ങളും നശിപ്പിക്കുന്ന നീചമായ പ്രവൃത്തികൾ ബിഗ്‌ബോസ് സംപ്രേഷണം ചെയ്യുന്നുവെന്ന് വേൽമുരുഗൻ ആരോപിക്കുന്നു. തമിഴ്ജനതയ്ക്ക് ദോഷകരമായാലും പരിപാടിയുടെ തിരക്കഥാകൃത്തുക്കൾക്ക് പ്രശ്‌നമില്ലെന്നും പണമാണ് അവർക്ക് പ്രധാനമെന്നും വേൽമുരുകൻ ആരോപിക്കുന്നു.

‘’വൃത്തികെട്ട ശരീരചലനങ്ങൾ, ചുംബന രംഗങ്ങൾ, കിടപ്പറ രംഗങ്ങൾ ഉൾപ്പടെ പ്രായമായ പെൺകുട്ടിയുടേയോ കുട്ടികളുടേയോ സാന്നിധ്യത്തിൽ കാണാൻ സാധിക്കാത്ത രംഗങ്ങളാണ് പരിപാടിയിൽ കാണിക്കുന്നത്. ലൈംഗികബന്ധം മാത്രമേ ഇപ്പോൾ അവർ കാണിക്കാത്തതായുള്ളൂ.’’

തമിഴ്നാട് നിയമസഭാ സ്പീക്കർ അപ്പാവുവിനെ ശ്രദ്ധാക്ഷണിക്കൽ പ്രമേയവുമായി സമീപിച്ചിട്ടുണ്ടെന്നും വേലുമുരുകൻ അവകാശപ്പെട്ടു.

ബിഗ് ബോസ് തമിഴിന്റെ സീസൺ 9 നിലവിൽ വിജയ് ടിവിയിലാണ് സംപ്രേഷണം ചെയ്യുന്നത്. ഒക്ടോബർ 5 ന് 20 മത്സരാർത്ഥികളുമായി പ്രീമിയർ ചെയ്ത പരിപാടിയിൽ വിജയ് സേതുപതിയാണ് അവതാരകൻ.