കമ്മ്യൂണിസ്റ്റുകാരന്റെ മകൻ ഒന്നിലും ഇടപെടാതെ സമ്പന്നനായി ജീവിക്കുന്നു എന്നത് നൂറുകണക്കിന് ചെറുപ്പക്കാരെ തള്ളിപ്പറയുന്നതിന് തുല്യം

വടകര: തന്റെ മകൻ രാഷ്ട്രീയത്തിൽ ഇടപെടാത്ത ആളെന്ന മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ എഴുത്തുകാരൻ കൽപറ്റ നാരായണൻ. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ മകൻ ഒന്നിലും ഇടപെടാതെ സമ്പന്നനായി ജീവിക്കുന്നു എന്ന വാദം നൂറുകണക്കിന് ചെറുപ്പക്കാരെ തള്ളിപ്പറയുന്നതിന് തുല്യമാണെന്ന് കൽപറ്റ നാരായണൻ പറഞ്ഞു. താനൊരു സഖാവാണല്ലോയെന്ന് അഭിമാനിക്കുന്ന ഒരാൾ മകനും സഖാവ് ആകണമെന്നല്ലേ വിചാരിക്കേണ്ടതെന്നും കൽപറ്റ നാരായണൻ വിമർശിച്ചു.

‘ഒരു കമ്മ്യൂണിസ്റ്റുകാരൻ മകൻ ആരാകണമെന്നാണ് ആലോചിക്കുക. ഒരു സോഷ്യലിസ്റ്റുകാരൻ മകൻ ആരാകണമെന്നാണ് ആഗ്രഹിക്കുക. അയാൾ കമ്മ്യൂണിസ്റ്റുകാരൻ ആകണമെന്നല്ലേ ആഗ്രഹിക്കുക. ഇതൊരു പ്രിവിലേജ്ഡ് ക്ലാസ് ആണെന്ന് മനസ്സിലാക്കി, അതിൽ അഭിമാനിച്ച് എന്തുനഷ്ടം വന്നാലും ഞാനൊരു സഖാവാണല്ലോയെന്ന് അഭിമാനിക്കുന്ന ഒരാളുടെ മകൻ ഒരു സഖാവ് ആകണമെന്നല്ലേ വിചാരിക്കേണ്ടത്. ഇതല്ല വഴി, സമ്പന്നനായി ആഡംബരത്തോടെ മറ്റൊന്നിലും ശ്രദ്ധിക്കാതെ ഭൂമിയിൽ എന്തുസംഭവിച്ചാലും തനിക്ക് കുഴപ്പമില്ലെന്ന വിധത്തിൽ ജീവിക്കുന്ന ഒരു വലിയ തലമുറ വളർന്നുവരുമ്പോഴാണ്, അതിൽ ഒരുവനാണെന്ന് അഭിമാനപൂർവ്വം തന്റെ മകനെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നത്. ജീവിതം പണയംവെച്ച് എസ്എഫ്‌ഐക്കാരോ ഡിവൈഎഫ്‌ഐക്കാരനോ അനുഭവിക്കുന്നതിനെ അവഗണിക്കുന്നതല്ലേ’, കൽപ്പറ്റ നാരായണൻ പറഞ്ഞു. അധികാരത്തിന്റെ ഇടനാഴിയിൽ തന്റെ മകനെ നിങ്ങൾക്ക് കാണാനാകില്ലെന്നും മക്കളിൽ അഭിമാനമാണെന്നുമായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. മകൻ വിവേക് കിരൺ വിജയന് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘പൊതുജീവിതം കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമിച്ചത്. എന്റെ കുടുംബം പൂർണ്ണമായും അതിനോടൊപ്പം നിന്നതിൽ അഭിമാനം. മക്കൾ രണ്ടുപേരും അതേ നില സ്വീകരിച്ചുപോയിട്ടുണ്ട്. നിങ്ങളിൽ എത്ര പേർ എന്റെ മകനെ കണ്ടിട്ടുണ്ടെന്ന് അറിയില്ല. അധികാരത്തിന്റെ ഇടനാഴികളിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവരായിരിക്കുമല്ലോ? എവിടെയങ്കിലും എന്റെ മകനെ കണ്ടോ? ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ട് എന്ന് പോലും അവന് അറിയുമോ എന്നത് സംശയമാണ്. അതാണ് എന്റെ മകന്റെ പ്രത്യേകത. ഏത് അച്ഛനും മക്കളിൽ അഭിമാനബോധം ഉണ്ടാകും. എന്റെ അഭിമാനബോധം പ്രത്യേക തരത്തിലുള്ളതാണ്. ഒരു ദുഷ്പേരും എനിക്ക് ഉണ്ടാക്കുന്ന രീതിയിൽ മക്കൾ പ്രവർത്തിച്ചിട്ടില്ല.‌

മകൾക്ക് നേരെ പലരും വിഷയങ്ങൾ ഉയർത്തികൊണ്ടുവരാൻ നോക്കിയപ്പോൾ ചിരിച്ചുകൊണ്ട് നേരിട്ടില്ലേ. അതുവേണ്ടത്ര ഏശുന്നില്ലെന്ന് വന്നപ്പോൾ മര്യാദയ്ക്ക് ജോലിചെയ്യുന്നയാളെ വിവാദത്തിൽ ഉൾപ്പെടുത്താൻ നോക്കുകയാണ്. അത് വിവാദമാവുമോ? എന്നെയോ ആളെയോ ബാധിക്കുമോ? ആ ചെറുപ്പക്കാരൻ മര്യാദയുള്ള ജോലിയിലാണ് പ്രവർത്തിക്കുന്നത്. ജോലി, വീട് ഇത് മാത്രമാണ്. പൊതുപ്രവർത്തന രംഗത്ത് ആളില്ല. തെറ്റായ പ്രവർത്തനത്തിന് പോയിട്ടില്ല. ഒരു ദുഷ്പേരും എനിക്ക് ഉണ്ടാക്കിയിട്ടില്ല. നല്ല അഭിമാനം എനിക്കുണ്ട്. എന്റെ രാഷ്ട്രീയപ്രവർത്തനത്തിനോ ശീലത്തിനോ നിരക്കാത്ത പ്രവർത്തനം നടത്തിയിട്ടില്ല’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.