ഹൈദരാബാദ്: പ്രണയ വിവരം വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥികള്‍ ജീവനൊ*ടുക്കി. ഷെയ്ഖ് റിസ്‌വാനും കെ.ഹൻസികയുമാണ് ആത്മഹത്യ ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് വിവരം. വിദ്യാർഥികളുടെ ആത്മഹത്യയ്ക്കു പിന്നാലെ സ്കൂളിനു നേരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്കൂൾ അധികൃതർ പ്രണയം വിവരം അറിഞ്ഞതോടെ വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും വിളിച്ചു മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്നുള്ള മാനസിക സമ്മർദത്തിലാണ് റിസ്വാൻ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ജൂലൈ 19നാണ് മിയാപൂരിലെ മാധവ്‌നഗർ കോളനിയിലെ സ്‌കൂൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് ചാടി 15 വയസ്സുകാരനായ ഷെയ്ഖ് റിസ്‌വാൻ ആത്മഹത്യ ചെയ്തത്. ഗുരുതരമായ പരുക്കുകളോടെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതു സംബന്ധിച്ച അന്വേഷണം പൊലീസ് ആരംഭിച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ്, അഞ്ച് ദിവസങ്ങൾക്ക് ശേഷം, ജൂലൈ 24ന് ഹൻസിക എന്ന പെൺകുട്ടിയും ആത്മഹത്യ ചെയ്തത്. മിയാപൂരിലെ അപ്പാർട്ട്മെന്റിനു മുകളിൽ നിന്ന് ചാടിയാണ് ഹൻസികയുടെ ആത്മഹത്യ.

























