കൊല്ലം: പൊലീസുകാരന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ടു യുവതികൾ അറസ്റ്റിൽ. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ്(26), സുഹൃത്ത് ഇടുക്കി കൽത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടിൽ വീട്ടിൽ ഗായത്രി മോഹനൻ (26) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചൽ സ്വദേശി വിവേകിന്റെ ബൈക്കാണ് കത്തിച്ചത്. വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ കാരണങ്ങളാണ് ബൈക്ക് കത്തിക്കുന്നതിന് ഇടയാക്കിയതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. അഞ്ചൽ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ, ആരതി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതേത്തുടർന്ന് ആരതിയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ആറന്മുള പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ് ആർച്ചൽ പാലവിള വീട്ടിൽ വിവേക്. ശനിയാഴ്ച രാത്രിയാണ് വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിച്ചത്. വീടിന്റെ പടികളിൽ കരിഓയിലും ഒഴിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നായിരുന്നു തുടക്കത്തിൽ സംശയിച്ചത്. കത്തിയ ബൈക്കിന് സമീപത്തു നിന്നും ലഭിച്ച ഭീഷണിക്കത്താണ് ഇത്തരത്തിൽ സംശയത്തിന് ഇടയാക്കിയത്. കത്തിൽ ഒരു വിദ്യാർത്ഥി സംഘടനയുടെ പേര് എഴുതിയിരുന്നത്, കേസ് വഴിതിരിച്ചു വിടാനായിരുന്നുവെന്ന് പൊലീസ് പറയുന്നു.


സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ ഓട്ടോയിലെത്തിയവരിലേക്ക് അന്വേഷണം നീണ്ടു. ആ ഓട്ടോയ്ക്ക് പണം നൽകിയത് ഗുഗിൾപേ വഴിയായിരുന്നു. ഓട്ടോഡ്രൈവറെ ചോദ്യം ചെയ്തതോടെയാണ് പ്രതികളായ യുവതികളെ കണ്ടെത്തുന്നത്. പൊലീസ് തയ്യാറാക്കിയ ചിത്രം ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞതോടെയാണ്, ആരതിയേയും സുഹൃത്ത് ഗായത്രിയേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ആരതിയും വിവേകുമായുള്ള വിവാഹനിശ്ചയം നേരത്തെ നടന്നിരുന്നു. പിന്നീട് ചില കാരണങ്ങളാൽ വിവാഹം മുടങ്ങി. ഇതിന്റെ വൈരാഗ്യത്തിലാണ് യുവതികൾ ബൈക്ക് കത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.























