‘പഥേർ പാഞ്ചാലിയിലെ ദുർഗ്ഗ’ ; നടി ഉമ ദാസ് ഗുപ്ത അന്തരിച്ചു

കൊല്‍ക്കത്ത: ബംഗാളി നടി ഉമ ദാസ് ഗുപ്ത അന്തരിച്ചു. 83 വയസായിരുന്നു. ഏറെക്കാലമായി അര്‍ബുദം വേട്ടയാടിയ നടി കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1955-ൽ സത്യജിത് റേ സംവിധാനം ചെയ്ത പഥേർ പാഞ്ചാലി എന്ന ചിത്രത്തിലെ ദുർഗ്ഗായുടെ വേഷത്തിലൂടെയാണ് ഉമ ദാസ് ഗുപ്ത പ്രശസ്തയായത്. കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ രാവിലെ 8.15 നായിരുന്നു മരണം സംഭവിച്ചതെന്നും.

പഥേർ പാഞ്ചാലിക്ക് ശേഷം ഉമാ ദാസ് ഗുപ്ത മുഖ്യധാരാ സിനിമയിലേക്ക് കടന്നുവന്നിരുന്നില്ല. സത്യജിത് റേ സംവിധാനം ചെയ്തഈ ചിത്രം 1929 ലെ ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായയുടെ ഇതേ പേരിലുള്ള ബംഗാളി നോവലിന്‍റെ ചലച്ചിത്ര ആവിഷ്കാരമാണ്. ഉമാ ദാസ് ഗുപ്തയെ കൂടാതെ, സുബിർ ബാനർജി, കനു ബാനർജി, കരുണ ബാനർജി, പിനാകി സെൻഗുപ്ത, ചുനിബാല ദേവി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

കൊൽക്കത്തയിൽ ജനിച്ചു വളർന്ന ഉമ ദാസ് ഗുപ്ത ചെറുപ്പം മുതലേ നാടകരംഗത്ത് സജീവമായിരുന്നു. പഥേർ പാഞ്ചാലിക്ക് പുറമെ കൗശിക് ഗാംഗുലിയുടെ അപൂർ പാഞ്ചാലി (2015), ലോക്കി ചേലേ (2022) എന്നിവയിലും അവർ പ്രത്യക്ഷപ്പെട്ടു.

ഉമാ ദാസ് ഗുപ്തയ്ക്ക് ആദരാഞ്ജലികളുമായി പ്രമുഖര്‍ രംഗത്ത് എത്തിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവും (ടിഎംസി) എംപിയും എഴുത്തുകാരനുമായ കുനാൽ ഘോഷ് നടിയുടെ വിയോഗം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പങ്കുവച്ചു.