ഉമ തോമസ് സംസാരിച്ചു, മണ്ഡലത്തിലെ കാര്യങ്ങൾ ഉൾപ്പെടെ ചോദിച്ചറിഞ്ഞു

കൊച്ചി: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുള്ള കലൂരിലെ നൃത്ത പരിപാടിയ്ക്കിടെ സ്റ്റേജിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. ഉമാ തോമസ് സംസാരിച്ചുവെന്നും പരസഹായത്തോടെയാണെങ്കിലും ഹെഡിൽ നിന്ന് എഴുന്നേറ്റെന്നും ഉമാ തോമസിന്റെ ഒദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ടീം അഡ്മിൻ അറിയിച്ചു. അപകടം കഴിഞ്ഞ് 10 ദിവസങ്ങൾ പിന്നിട്ടെങ്കിലും ഉമാ തോമസ് ഇപ്പോഴും ചികിത്സയിൽ തന്നെയാണ്. ഒരാഴ്ച കൂടി ഐസിയുവിൽ തുടരേണ്ടി വരുമെന്നാണ് ഡോക്ടേഴ്‌സിന്റെ വിലയിരുത്തൽ. തന്റെ അഭാവത്തിലും ഓഫിസ് കൃത്യമായി പ്രവർത്തിക്കണമെന്നും.

എംഎൽഎയുടെ തന്നെ ഇടപെടൽ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളിൽ നമ്മുടെ മറ്റ് നിയമസഭ സാമാജികരുടെ സഹായം തേടണമെന്നും ഉമാ തോമസ് നിർദ്ദേശിച്ചെന്ന് അഡ്മിൻ അറിയിച്ചു. മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങൾക്ക് ഉമാ തോമസ് നിർദേശം നൽകിയെന്നും അഡ്മിൻ വ്യക്തമാക്കി.