അത് ഞാൻ പങ്കുവച്ച പോസ്റ്റല്ല, എന്റെ കുടുംബം നിങ്ങൾക്ക് എഴുതി രസിക്കാനുള്ളതല്ല: വൈഷ്ണവി സായികുമാർ

സോഷ്യൽ മീഡിയയിൽ തന്റെ പോസ്റ്റെന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിനെതിരെ നടിയും സായികുമാറിന്റെ മകളുമായ വൈഷ്ണവി. അച്ഛൻ സായികുമാറിനൊപ്പമുള്ള വൈഷ്ണവിയുടെ എഡിറ്റ് ചെയ്ത രീതിയിലുള്ള ചിത്രം പ്രചരിപ്പിച്ചതിനെതിരെയാണ് താരം രം​ഗത്തെത്തിയത്. അച്ഛനെക്കുറിച്ച് തന്റെ മനസിലുള്ള സ്ഥാനം ഇങ്ങനെയൊരു എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യം തനിക്കില്ലെന്ന് വൈഷ്ണവി സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചു.

‘‘ഞാൻ വൈഷ്ണവി സായികുമാർ. എന്റെ ഫാൻ പേജ് സൃഷ്ടിച്ച ഒരു എഐ ഇമേജിന്റെ പേരിൽ കുറച്ചുദിവസമായി എന്റെ കുടുംബത്തിനെക്കുറിച്ചും എന്നെയും എന്റെ ജീവിതത്തെക്കുറിച്ചും ചില പോസ്റ്റുകൾ കാണുന്നു. എന്റെ കുടുംബം നിങ്ങൾക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ല.

എന്റെ ഇൻസ്റ്റഗ്രാം പേജിലല്ല ഈ പറയുന്ന എ ഐ ഇമേജ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ദയവ് ചെയ്ത് എന്റെ വ്യക്തിപരമായ കാര്യങ്ങൾ പൊതുസമൂഹത്തിലേക്ക് വലിച്ചിഴക്കരുത്. എന്റെ അച്ഛന് എന്റെ മനസിലുള്ള സ്ഥാനം ഇങ്ങനെ എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യം എനിക്കില്ല. ഞങ്ങളെ വെറുതെ വിടൂ.’’–വൈഷ്ണവിയുടെ വാക്കുകൾ.

കഴിഞ്ഞ ദിവസമാണ് അച്ഛൻ സായികുമാറിനൊപ്പമുള്ള വൈഷ്ണവിയുടെ ചിത്രം വൈറലായത്. ഐഐയുടെ സഹായത്തോടെ വൈഷ്ണവിയുടെ തോളിൽ കൈ വച്ചിരിക്കുന്ന സായ്കുമാറിനെ സൃഷ്ടിച്ചിരിക്കുന്നതാണ് ചിത്രം. ‘സായിച്ചൻ ഒരു പൂർത്തിയാകാത്ത സ്വപ്നം’ എന്ന അടിക്കുറിപ്പും നൽകിയിരുന്നു. ആ ചിത്രം പോസ്റ്റ് ചെയ്തത് വൈഷ്ണവി തന്നെയായിരുന്നുവെന്നാണ് ഏവരും കരുതിയിരുന്നത്. ചിത്രം മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തു. സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് വൈഷ്ണവി. സായികുമാറിന്റെ ആദ്യ വിവാഹത്തിലുള്ള മകളാണ് വൈഷ്ണവി. 1988-ലായിരുന്നു അഭിനേത്രിയും ഗായികയുമായ പ്രസന്നകുമാരിയെ സായികുമാർ വിവാഹം ചെയ്തത്. 2008-ൽ ഇരുവരും വേർപിരിഞ്ഞു.