മുള്ളൻപന്നിയെ അടിച്ചുകൊന്ന കേസ്: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റിന് ജാമ്യം

തിരുവനന്തപുരം: മുള്ളൻപന്നിയെ അടിച്ചുകൊന്ന കേസിൽ റിമാൻഡിലായിരുന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി എന്ന ശശിധരൻ നായർക്ക് നെടുമങ്ങാട് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണവുമായി പൂർണമായും സഹകരിക്കണമെന്ന കർശന ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. നെടുമങ്ങാട് ഫോറസ്റ് കോടതി അവധിയായതിനാൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ഉടൻ പുറത്തിറങ്ങും.

കഴിഞ്ഞ ദിവസമാണ് ശശി പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ കീഴടങ്ങിയത്. കോടതി ജാമ്യം തള്ളിയതിന് പിന്നാലെയാണ് ഇയാൾ കീഴടങ്ങിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 28-ാം തീയതിയാണ് വെള്ളനാട് പഞ്ചായത്തിലെ വാളിയറ ഭാഗത്തെ വീട്ടുപരിസരത്ത് കണ്ട മുള്ളൻപന്നിയെ ശശി തല്ലിക്കൊന്നത്. വനംവകുപ്പിന്റെ നമ്പർ ഇല്ലാത്തതിനാൽ നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചത്. ഇതിന് വനംവകുപ്പൊന്നും വേണ്ട താൻ തന്നെ കൈകാര്യം ചെയ്‌തോളാം എന്ന് പറഞ്ഞാണ് ശശി മുള്ളൻപന്നിയെ തല്ലിക്കൊന്നത്. ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ശശി വനംവകുപ്പിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.