കോട്ടയം: വിവാഹ ഫോട്ടോഗ്രാഫിക്ക് വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകിയില്ലെന്ന ദമ്പതിമാരുടെ പരാതിയിൽ സ്ഥാപനം നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പൊൻകുന്നം ആറ്റിക്കൽ കൊച്ചുപറമ്പിൽ സ്വദേശികളായ ഡോ. ഓസ്റ്റിൻ ഉമ്മച്ചനും ഡോ. കാവ്യാ സന്തോഷും നൽകിയ പരാതിയിൽ കൊച്ചിയിലെ പിക്കോളോ വെഡ്ഡിങ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി.

ദമ്പതിമാർക്ക് നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപയും മുൻകൂറായി നൽകിയ 80,000 രൂപയും നൽകാനാണ് കമ്മീഷൻ ഉത്തരവ്. ഇതിന് പുറമേ കോടതി ചെലവിലേക്കായി 10,000 രൂപയും നൽകണം. 2024 മേയ് 19നായിരുന്നു വിവാഹം. ഫോട്ടോഗ്രാഫി/ വിഡിയോഗ്രാഫി , ഹെലികാം കവറേജ് തുടങ്ങിയ സേവനങ്ങൾക്ക് കൊച്ചിയിലെ സ്ഥാപനം 95,000 രൂപയുടെ പാക്കേജ് എടുത്തു. 80,000 രൂപ മുൻകൂറായി നൽകി. എന്നാൽ ഹെലികാം അടക്കം കരാറിൽ പറഞ്ഞ പല സേവനങ്ങളും ലഭ്യമാക്കിയില്ലെന്നും വിവാഹ ചടങ്ങിലെ മധുരം വെപ്പ് ഉൾപ്പെടെയുള്ള പല മുഹൂർത്തങ്ങളും ഉൾപ്പെടുത്തിയില്ലെന്നും കാട്ടിയാണ് പരാതിക്കാർ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. പരാതി ഫയലിൽ സ്വീകരിച്ച കമ്മീഷൻ എതിർകക്ഷിയായ പിക്കോളോ വെഡ്ഡിങ്ങിന്റെ പ്രൊപ്രൈറ്റർ ഫ്രിമർ ബാസിൽ എൽദോസിന് നോട്ടീസ് അയച്ചെങ്കിലും ഹാജരായില്ല. ഇതേത്തുടർന്നാണ് കമ്മീഷന്റെ നടപടി. കമ്മീഷൻ പ്രസിഡന്റ് അഡ്വ. വി എസ് മനുലാൽ, അംഗങ്ങളായ അഡ്വ. ആർ ബിന്ദു, കെ എം ആന്റോ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.

























