ആലപ്പുഴ: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ഒരു പോറ്റി മാത്രം വിചാരിച്ചാൽ ഇത്രയും സാധനം എടുത്തു കൊണ്ടു പോകാൻ കഴിയില്ലെന്നും പിന്നിൽ വൻ ശക്തികളുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. സഹായിച്ചവരും സഹകരിച്ചവരും വീതം വച്ചവരും ഉണ്ടാകും. അന്വേഷണത്തിന് സിബിഐ വരട്ടെ. സംസ്ഥാന സർക്കാർ ഇതിന് മുൻകൈ എടുക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

‘1251 ക്ഷേത്രങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ളത്. ഇതിൽ 51 ക്ഷേത്രങ്ങൾക്ക് മാത്രമാണ് സ്വയംപര്യാപ്തതയുള്ളത്. ബാക്കിയുള്ളതെല്ലാം ശബരിമല അയ്യപ്പന്റെ കാരുണ്യത്തിലാണ് നടന്നുപോകുന്നത്. ഏതായാലും അയ്യപ്പനെ കൊണ്ടുപോയില്ല. അതുകൊണ്ട് പോയിട്ട് കാര്യമില്ല, കരിങ്കല്ലാണ്. കനമുള്ളതു കൊണ്ടു പോകാൻ പലരും ശ്രമിച്ചിട്ടുണ്ട്. എന്നും ഒരുപാട് അഴിമതിയും കെടുകാര്യസ്ഥതയുമുള്ള ബോർഡാണ് തിരുവിതാംകൂർ ദേവസ്വം. ദേവസ്വം ബോർഡിൽ ഗൂഢസംഘം ഇല്ലെങ്കിൽ പിന്നെ എങ്ങനെയാണ് തട്ടിപ്പ് നടക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണ സംവിധാനം മാറണം.’- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ‘പല രാഷ്ട്രീയക്കാർക്കും ഇടംകൊടുക്കാനുള്ള ഇടമായി ദേവസ്വം ബോർഡുകൾ മാറിയിട്ടുണ്ട്. അവസരം കൊടുക്കാനുള്ള ഒരു ഇടനാഴിയായിട്ട് ദേവസ്വം ബോർഡുകളെ മാറ്റിയിട്ടുണ്ട്. രാഷ്ട്രീയക്കാരും വേണം, ഒപ്പം ഐഎഎസുകാരെ ഉൾപ്പെടുത്തി പുതിയ സംവിധാനം ഏർപ്പെടുത്തണം. ഐഎഎസുകാർക്ക് കള്ളം ചെയ്യാൻ ഭയമാണ്. അവർക്ക് ഉത്തരവാദിത്തം ഉണ്ടാകും. രാഷ്ട്രീയക്കാർക്ക് എന്തും ചെയ്യാം. സർക്കാർ നേരിട്ട് നിയന്ത്രിക്കണം. നിക്ഷേപമായി കിടക്കുന്ന കോടിക്കണക്കിനു രൂപയുടെ സമ്പത്ത് രാജ്യത്തെ വികസനത്തിനും ഭക്ത ജനങ്ങളുടെ പ്രശ്നങ്ങൾക്കും ഉപയോഗിക്കണം. ഗുരുവായൂരിലും കൂടൽമാണിക്യത്തിലും കോടികളുടെ സമ്പത്തുണ്ട്’- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

























