‘ചെറിയ ഭൂരിപക്ഷമാണെങ്കിലും LDF വരും, UDF വന്നാൽ അടി’; വെള്ളാപ്പള്ളി

ആലപ്പുഴ: ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും സംസ്ഥാനത്ത് എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൽഡിഎഫ് സർക്കാർ പാവപ്പെട്ടവർക്കായി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും, ഏകദേശം 60 ലക്ഷത്തോളം പേർക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കാര്യങ്ങൾ കൃത്യമായി പഠിച്ചശേഷമാണ് എൽഡിഎഫ് വരുമെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്‌സിറ്റ് പോളുകൾ എല്ലാകാലവും എല്ലായിടത്തും ശരിയാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ ആരും കാണാതെ പോകരുതെന്നും വെള്ളാപ്പള്ളി ഓർമിപ്പിച്ചു. അവരുടെ കണക്കിൽ 14 സീറ്റ് പിടിക്കുമെന്നാണ് പറയുന്നത്. എന്നാൽ, അത്രയും സീറ്റുകളൊന്നും പിടിക്കാൻ പോകുന്നില്ല. എങ്കിലും അവർ അക്കൗണ്ട് തുറക്കും, വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുന്നത് ദോഷകരമാണെന്ന എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വാദങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു.

രാജ്യം ഭരിക്കുന്ന പാർട്ടി ഇവിടെ ഒന്നോ രണ്ടോ സീറ്റിൽ ജയിക്കുന്നതിൽ പേടിക്കാനൊന്നുമില്ല. തിരുവനന്തപുരം ജില്ലയിലായിരിക്കും ബിജെപിക്ക് കൂടുതൽ വിജയസാധ്യത”, വെള്ളാപ്പള്ളി വ്യക്തമാക്കി. ഇതോടൊപ്പം കോൺഗ്രസിനുള്ളിലെ അധികാരത്തർക്കങ്ങളെയും യുഡിഎഫിൽ മുസ്‌ലിം ലീഗിനുള്ള അമിത സ്വാധീനത്തെയും അദ്ദേഹം വിമർശിച്ചു. ‘യുഡിഎഫ് ഇവിടെ ഭരണത്തിൽ വന്നാൽ പിറ്റേ ദിവസം ഇടിപിടിയല്ലേ വരാൻ പോകുന്നത്. യുഡിഎഫ് ഇവിടെ ഭരണത്തിൽ വരാൻപോകുന്നില്ല. ഇനി വന്നാൽത്തന്നെ ഇവിടെ എന്താകും സ്ഥിതി. കലഹമല്ലേ നടക്കുക. ഇപ്പോൾത്തന്നെ മുഖ്യമന്ത്രിയാകാൻ വേണ്ടി എത്രപേരാണ് പരസ്പരം മത്സരിക്കുന്നത്. ഭരണം കിട്ടുമെന്ന് തോന്നിയപ്പോൾ ഇതാണ് സ്ഥിതിയെങ്കിൽ ഭരണം കിട്ടിയാലുള്ള സ്ഥിതിയെന്താകും’, വെള്ളാപ്പള്ളി ചോദിച്ചു.