ശ്വാസംമുട്ടി വേണാട് എക്സ്പ്രസിലെ യാത്ര; യാത്രക്കാർ കുഴ‍ഞ്ഞുവീണു, വ്യാപക പ്രതിഷേധം

കൊച്ചി: കാലുകുത്താൻ പോലും ഇടമില്ലാതെ തിങ്ങിനിറഞ്ഞ് വേണാട് എക്സ്പ്രസ്. തിങ്ങി നിറഞ്ഞ ട്രെയിനിൽ യാത്രക്കാർ കുഴഞ്ഞുവീണു. സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാർ ആരോപിച്ചു. സംഭവത്തിൽ യാത്രക്കാർ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. നിന്നുതിരിയാൻ പോലും സ്ഥലമില്ലാതെ സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെയാണ് ട്രെയിനിൽ തളർന്നുവീഴുന്നത്.

വന്ദേ ഭാരതിനായി ട്രെയിൻ പിടിച്ചിടുന്നതും ദുരിതം ഇരട്ടിയാക്കി. വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചതോടെ വേണാട് എക്സ്പ്രസിൻറെ സമയം മാറ്റിയതും തിരിച്ചടിയായിട്ടുണ്ട്. വേണാട് എക്സ്പ്രസിസിലെ ദുരിത യാത്രയെക്കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും റെയിൽവെ ഇടപെടുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം. വേണാട് എക്സ്പ്രസിലെ ജനറൽ കോച്ചുകളുടെ എണ്ണം ഉൾപ്പെടെ വർധിപ്പിക്കണമെന്നും ട്രെയിൻ പിടിച്ചിടാത്ത തരത്തിൽ സമയം പുനക്രമീകരിക്കണമെന്നും മെമു സർവീസ് ആരംഭിക്കണമെന്നുമാണ് റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻറെ ആവശ്യം.

തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.25ന് പുറപ്പെടുന്ന ട്രെയിൻ പലപ്പോഴും ഏറെ വൈകിയാണ് ഷൊർണൂരിൽ എത്തുന്നത്. എറണാകുളത്തേക്കുള്ള യാത്രക്കാർ ഉൾപ്പെടെയാണ് വേണാട് എക്സ്പ്രസ് പിടിച്ചിടുന്നതിൽ ഏറെ ദുരിതത്തിലാകുന്നത്. രാവിലെ ഓഫീസിൽ പോകണ്ടവരും വിദ്യാർത്ഥികളും ഉൾപ്പെടെ ആശ്രയിക്കുന്ന ട്രെയിനാണ് വേണാട് എക്സ്പ്രസ്.