തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന മകൻ അഫാനോട് പൊറുക്കാനോ കാണാനോ ആഗ്രഹമില്ലെന്ന് അമ്മ ഷെമി. ‘‘എന്റെ കുഞ്ഞിനോടും കുടുംബത്തോടും ഇങ്ങനെയൊക്കെ ചെയ്ത അവനെ എനിക്കു കാണണമെന്നില്ല.’’ -കണ്ണീരോടെ ഷെമി പറഞ്ഞു. സംഭവ ദിവസം ഇളയമകനെ സ്‌കൂളിൽ വിട്ട ശേഷം മുറിയിലെത്തി സോഫയിൽ ഇരിക്കുമ്പോഴാണ് ‘ഉമ്മാ എന്നോട് ക്ഷമിക്കണം’ എന്നു പറഞ്ഞ് അഫാൻ പിന്നിൽനിന്ന് ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയതെന്നും ഷെമി പറഞ്ഞു. ഫർസാനയെ വിളിച്ചുകൊണ്ടു വന്നിട്ട് ആശുപത്രിയിൽ പോകാമെന്ന് പിന്നെ പറഞ്ഞു. അതിനു ശേഷം എനിക്ക് ഒന്നും ഓർമയില്ല. പൊലീസ് വീടിന്റെ ജനൽ ചവിട്ടിപ്പൊളിക്കുമ്പോഴാണ് പിന്നീട് തനിക്ക് ബോധം തെളിയുന്നതെന്നും ഷെമി പറഞ്ഞു. അഫാൻ്റെ ആക്രമണത്തിൽ പരിക്കേറ്റ ഉമ്മ സംഭവം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

‘‘ഫർസാനയെ കണ്ടിട്ടില്ലെങ്കിലും പരിചയമുണ്ട്. ബാങ്കിലും ബന്ധുക്കൾക്കും കൊടുക്കാനായി 25 ലക്ഷം രൂപയുടെ കടമുണ്ട്. ഭർത്താവിന്റെ ഗൾഫിലെ കച്ചവടം തകർന്നപ്പോഴാണ് പണം കടം വാങ്ങേണ്ടിവന്നത്. ഇക്കാര്യങ്ങൾ എല്ലാം ഭർത്താവിന് അറിയാം. വീടു വിറ്റ് കടമെല്ലാം തീർക്കാമെന്ന് അഫാനോടു പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ അഫാനുമായി ഒരു തരത്തിലുള്ള വഴക്കും ഉണ്ടായിട്ടില്ല. സംഭവം നടക്കുന്നതിന്റെ തലേന്ന് ആപ്പ് വഴിയെടുത്ത ലോണിന്റെ ആളുകളും ബാങ്കുകാരും വിളിച്ചിരുന്നു. പണം കടം ചോദിച്ച് രാത്രി ബന്ധുവിന്റെ വീട്ടിൽ പോയി. പക്ഷേ പണം കിട്ടിയില്ല. വീട്ടിൽ തിരിച്ചെത്തിയിട്ടും അഫാന് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. സോഫയിൽ കിടന്നാണ് ഉറങ്ങിയത്. പിറ്റേന്നാണ് ഇങ്ങനെയൊക്കെ ചെയ്തത്.’’ – ഷെമി പറഞ്ഞു.


അതേസമയം, ഇത്രയും കൊടുക്രൂരത ചെയ്ത മകനോടു പൊറുക്കാൻ കഴിയില്ലെന്ന് പിതാവ് റഹിമും പറഞ്ഞു. ഭാര്യയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും റഹിം പറഞ്ഞു. ‘‘പ്രായക്കുറവിന്റെ പകത്വമില്ലായ്മയായി അഫാന്റെ പ്രവൃത്തികളെ കാണാൻ കഴിയില്ല. എല്ലാം പ്ലാൻ ചെയ്താണ് ചെയ്തിരിക്കുന്നത്. അല്ലെങ്കിൽ രണ്ടു മണിക്കൂർ കൊണ്ട് ഇത്രയും പേരെ കൊല്ലാൻ പറ്റില്ല. അതുകൊണ്ടു തന്നെ അവന് മാപ്പ് കൊടുക്കാൻ തയാറല്ല. കോവിഡിനു ശേഷമാണ് ഗൾഫിലെ കച്ചവടം തകർന്ന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്. കൊലപാതകം നടന്ന വീട് പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. അതു തുറന്നു കിട്ടിയാലേ എന്തെങ്കിലും ചെയ്യാൻ കഴിയൂ. മക്കളില്ലാത്ത ആ വീട്ടിൽ ഇനി താമസിക്കാൻ കഴിയില്ല. അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി എന്നോടു പറഞ്ഞിരുന്നില്ല. അമ്മയും മക്കളും തമ്മിൽ നല്ല സൗഹൃദത്തിലാണ് കഴിഞ്ഞിരുന്നത്. ഇളയമകനെ ഞാനില്ലാത്ത കുറവ് അറിയിക്കാതെ അവൻ വളർത്തിയതാണ്. അതുപോലെ അവൻ തന്നെ കൊന്നു കളയുകയും ചെയ്തു.’’ – കരച്ചിലടക്കാൻ കഴിയാതെ റഹിം പറഞ്ഞു. അഫാനും ഫർസാനയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും റഹിം പറഞ്ഞു. ഫർസാനയുടെ കുടുംബത്തെ കണ്ട് മാപ്പ് പറയണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ അവർ അതിനു സമ്മതിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.























