‘ഭർത്താവിനല്ലേ നിയമപരമായ അവകാശം, മൃതദേഹങ്ങൾ എങ്ങനെ തിരികെ എത്തിക്കാനാകും?’: ഹൈക്കോടതി

കൊച്ചി: ഷാര്‍ജയിൽ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനും മകൾ ഒന്നര വയസ്സുകാരി വൈഭവിയും മരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഭർത്താവിനെ കൂടി കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം. ഷാർജയിൽ സംസ്കരിക്കാതെ നാട്ടിലേക്ക് മൃതദേഹം കൊണ്ടു വരാൻ ആവശ്യപ്പെടുന്നതിന്റെ കാരണമെന്താണെന്നും ഭർത്താവിനല്ലേ നിയമപരമായ അവകാശമെന്നും കോടതി ചോദിച്ചു. ഇരുവരുടെയും മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും കൊലപാതകമാണോ എന്നു സംശയമുള്ളതിനാൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരി നൽകിയ ഹര്‍ജിയാണ് കോടതി മുൻപാകെയുള്ളത്. ഹർജി നാളെ വീണ്ടും പരിഗണിക്കും.

വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. മൃതദേഹങ്ങൾ എങ്ങനെ തിരികെ എത്തിക്കാനാകുമെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ആരാഞ്ഞു. മകളുടെയും കൊച്ചുമകളുടേയും മരണവിവരമറിഞ്ഞ് മാതാവ് ഷൈലജ ഷാർജയിലാണ് ഉള്ളത്. കാനഡയിലുള്ള വിപഞ്ചികയുടെ സഹോദരൻ വിനോദും ഷാർ‍ജയിലെത്തിയിട്ടുണ്ട്.

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ അനുവദിക്കരുതെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഷാർജയിൽ പോസ്റ്റ്മോർട്ടം നടത്തിയാലും നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വിപഞ്ചികയുടെ ഭർത്താവ് നിതീഷ് മോഹൻ, ഇയാളുടെ സഹോദരി നീതു, പിതാവ് മോഹനൻ എന്നിവർക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തിട്ടുള്ള കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.