കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ ബോബി ചെമ്മണൂരിനെ ജയിലിൽ മൂന്ന് വിഐപികൾ സന്ദർശിച്ചതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ജയിൽ സന്ദർശക രജിസ്റ്ററിൽ പേര് രേഖപ്പെടുത്താതെയാണ് ഇവർ ബോബി ചെമ്മണൂരിനെ സന്ദർശിച്ചതെന്ന് തിരുവനന്തപുരത്തെ ജയിൽ ആസ്ഥാനത്തു സമർപ്പിച്ച രഹസ്യാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായാണ് വിവരം. ജയിൽ നിയമം മറികടന്ന്, സന്ദർശക രജിസ്റ്ററിൽ പേര് രേഖപ്പെടുത്താതെ ബോബി ചെമ്മണൂരിനെ സന്ദർശിക്കാൻ സഹായിച്ചത് ജയിലിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

എന്നാൽ ബോബി ചെമ്മണൂരിനെ ജയിലിൽ സന്ദർശിച്ച വിഐപികൾ ആരെന്നത് വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ ജയിൽവകുപ്പ് അടുത്ത ദിവസം തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. നടി ഹണിറോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ വയനാട്ടിൽ നിന്നാണ് ബോബി ചെമ്മണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ജയിലിലാണ് ബോബി ചെമ്മണൂരുള്ളത്.

























