മഹാകുംഭമേള നടക്കുന്ന ഗംഗാനദിയിലെ വെള്ളം കുടിച്ച് കാണിക്കൂ; ആദിത്യനാഥിനെ വെല്ലുവിളിച്ച് വിശാൽ ദദ്‌ലാനി

മഹാകുംഭമേള നടക്കുന്ന ഗംഗാനദിയിലെ വെള്ളത്തിൽ മാലിന്യം കലർന്നിട്ടുണ്ടെന്ന റിപ്പോർട്ട് തള്ളിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോദി ആദിത്യനാഥിനെതിരെ ഗായകനും സംഗീതസംവിധായകനുമായ വിശാൽ ദദ്‌ലാനി. താങ്കൾ ആ വെള്ളം കുടിച്ച് കാണിക്കൂ എന്ന് വിശാൽ ദദ്‌ലാനി വെല്ലുവിളിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ കുറിപ്പ് പങ്കുവച്ചു.

കുംഭമേളയ്ക്കായി എത്തുന്ന ഭക്തർ കുളിക്കുന്ന ജലത്തിൽ മനുഷ്യവിസർജ്യത്തിലുളള കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്ന ദേശീയ മലിനീകരണ ബോർഡിന്റെ റിപ്പോർട്ട് യോഗി തള്ളിയതിനു പിന്നാലെയാണ് ദദ്‌ലാനിയുടെ വിമർശനം.

വെറുക്കുന്നവരെ താങ്കൾ കാര്യമാക്കേണ്ടതില്ലെന്നും ഞങ്ങൾ താങ്കളെ വിശ്വസിക്കുന്നുവെന്നും അതിനാൽ താങ്കൾ ഗംഗയിൽ നിന്നും വെള്ളം കുടിക്കുന്നത് ക്യാമറയിൽ പകർത്തൂ എന്ന് ദദ്‌ലാനി പറഞ്ഞു.‘അനവധി പേർ കുംഭമേളയിൽ പങ്കെടുത്ത് വയറിളക്കവും കോളറയും ബാധിച്ച് ചികിത്സ തേടുന്നത് കാണാൻ കഴിയുന്നില്ലെങ്കിൽ താങ്കൾക്ക് എന്തോ പ്രത്യേകതയുണ്ട്. താങ്കളും കുടുംബവും മലിനജലത്തിൽ മുങ്ങണം, അങ്ങനെ കൂടുതൽ ശക്തി പ്രാപിക്കട്ടെ’, വിശാൽ ദദ്‌ലാനി പരിഹസിച്ചു.

മഹാകുംഭമേള നടക്കുന്ന ഇടങ്ങളിലെ നദീജലത്തിൽ ഉയർന്ന അളവിൽ ഫീക്കൽ കോളിഫോം ഉണ്ടെന്ന റിപ്പോർട്ട് തള്ളിയ യോഗി, ത്രിവേണി സംഗമത്തിലെ വെള്ളം കുളിക്കാൻ മാത്രമല്ല കുടിക്കാനും യോഗ്യമാണെന്നു നിയമസഭയിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് വിശാൽ ദദ്‌ലാനിയുടെ പരിഹാസം. മുൻപും ഗായകൻ കുംഭമേളയെ വിമർശിച്ചിരുന്നു.