മേപ്പാടി (വയനാട്): ഉരുൾപ്പൊട്ടലുണ്ടായ വയനാട് ചൂരൽമലയിൽ രക്ഷാദൗത്യത്തിനായി വീണ്ടും ഹെലികോപ്റ്റർ എത്തി. ഇവിടെ നിന്ന് പരുക്കേറ്റവരെ ഹെലികോപ്റ്ററിൽ കയറ്റി ആശുപത്രിയിൽ നേരിട്ട് എത്തിക്കുമെന്നാണ് വിവരം. പരുക്കേറ്റ അഞ്ചോളം പേരെ നിലവിൽ ഹെലികോപ്റ്ററിൽ കയറ്റി. കുടുങ്ങി കിടക്കുന്ന മറ്റുള്ളവരെ സൈന്യം താൽക്കാലികമായി നിർമിച്ച പാലത്തിലൂടെ ആളുകളെ പുറത്തേക്ക് എത്തിച്ചുതുടങ്ങി.

അതേസമയം ദുരന്തത്തിൽ ഇതുവരെ 120 പേർ മരിച്ചതായി വിവരം. 128 പേർ പരുക്കേറ്റ് ചികിത്സയിലുണ്ട്. എൻഡിആർഎഫിന്റെയും സൈന്യത്തിന്റെയും സംഘം പുഴ കടന്ന് മുണ്ടക്കൈയിലെത്തി. ദുരന്തം നടന്ന് 13 മണിക്കൂറിനുശേഷമാണ് രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈയിലെത്താനാകുന്നത്. ചൂരൽമലയിൽനിന്ന് മൂന്നര കിലോമീറ്റർ അകലെയാണ് മുണ്ടക്കൈ. ആളുകളെ ജീപ്പുമാർഗം പുഴക്കരയിലെത്തിച്ച് വടത്തിലൂടെ പുഴകടത്തി ആശുപത്രിയിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റും. ചൂരൽമലയിൽ മന്ത്രിമാരുടെ സംഘവും രക്ഷാപ്രവർത്തകസംഘവും തമ്മിൽ ചർച്ച നടത്തി. മന്ത്രിമാരായ കെ.രാജൻ, ഒ.ആർ.കേളു, പി.എ.മുഹമ്മദ് റിയാസ്, എംഎൽഎമാരായ ഐ.സി.ബാലകൃഷ്ണൻ, ടി.സിദ്ദിഖ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

























