കോവിഡ് കാലവുമായി താരതമ്യം ചെയ്യരുത്, വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണം; ഹൈക്കോടതി

കൊച്ചി: വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ജീവനോപാധി എന്നന്നേക്കുമായി നഷ്ടമായവരാണെന്നും ഈ സാഹചര്യത്തെ കോവിഡ് കാലവുമായി താരതമ്യം ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു. വയനാട് ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് പരിഗണിക്കുന്നത്. ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് നേരത്തെതന്നെ ഉന്നയിക്കപ്പെട്ടിരുന്ന വിഷയമാണ്. ഇത് എഴുതിത്തള്ളണമെന്നതാണ് ഹൈക്കോടതിയുടെ നിലപാട്.

ദുരിതബാധിതരുടെ വായ്പയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇപ്പോൾ മൊറട്ടോറിയമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കടം എഴുതിത്തള്ളണമെങ്കിൽ കേന്ദ്രസർക്കാർ നിലപാടെടുക്കണം. വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കാനാകുമെന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു. ബാങ്കുകളെ ഇതിന് വേണ്ടി നിർബന്ധിക്കാനാകില്ലെന്നും അത് അവർ കൈക്കൊള്ളേണ്ട നയപരമായ തീരുമാനമാണെന്നുമായിരുന്നു കേന്ദ്രസർക്കാർ നൽകിയ മറുപടി.

കോവിഡ് കാലത്ത് എംഎസ്എംഇകൾ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചപ്പോൾ, അത് നിരാകരിച്ച കാര്യം കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അപ്പോഴാണ് ഇത് കോവിഡ് കാലവുമായി ഒരുകാരണവശാലും താരതമ്യം ചെയ്യാൻ കഴിയുന്ന സാഹചര്യമല്ലെന്ന് കോടതി പറഞ്ഞത്. കോവിഡ് കാലത്ത് തൽക്കാലത്തേക്ക് വരുമാനം നിലച്ചുവെന്നേ പറയാനാകൂ. എന്നാൽ, വയനാട് ദുരിതബാധിതരുടെ കാര്യം അങ്ങനെയല്ല. എന്നന്നേക്കുമായി അവരുടെ ജീവനോപാധി നഷ്ടപ്പെട്ടതാണ്. അതിനാൽ അവരുടെ വായ്പകൾ എഴുതിത്തള്ളണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

12 ബാങ്കുകളിൽനിന്നായി 320 കോടിയോളം രൂപയുടെ വായ്പയാണുള്ളത്. ഇതിൽ കേരള ബാങ്കിന്റെ കടം എഴുതിത്തള്ളിയിരുന്നു. ഇക്കാര്യം കോടതി എടുത്തുപറയുകയും ചെയ്തു.