മാറ്റം നമുക്കിടയില്‍ എത്തിയിരിക്കുന്നു; പുഷ്പവതിയെയും ഉര്‍വശിയെയും സാന്ദ്ര തോമസിനെയും അഭിനന്ദിച്ച് ഡബ്ല്യുസിസി

സിനിമാ മേഖലയിലെ വ്യത്യസ്ത വെല്ലുവിളികളോട് പോരാടുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ വിമെൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി). ‘മാറ്റം നാളെയല്ല, ഇന്ന് നമുക്കിടയിൽ എത്തിയിരിക്കുന്നു’ എന്ന തലക്കെട്ടിൽ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റായും കരൗസൽ (Carousel) രൂപത്തിലും പങ്കുവെച്ച കുറിപ്പിലാണ് ഡബ്ല്യുസിസി പോരാടുന്ന സ്ത്രീകൾക്ക് അഭിവാദ്യങ്ങളർപ്പിച്ചത്.

ഗായിക പുഷ്പവതി, നടിമാരായ ഉർവശി, ശ്വേതാ മേനോൻ, നിർമാതാവ് സാന്ദ്രാ തോമസ് എന്നിവരെ പേരെടുത്ത് പറഞ്ഞായിരുന്നു ഡബ്ല്യുസിസിയുടെ പോസ്റ്റ്. സിനിമാ നയരൂപീകരണത്തിനായുള്ള കോൺക്ലേവിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ സ്ത്രീ-ദളിത് സംവിധായകർക്കെതിരെ നടത്തിയ പരാമർശത്തെ ഡബ്ല്യുസിസി വിമർശിച്ചു. അടൂർ തന്റെ സവർണ-ജാതീയ-ലിംഗഭേദ വീക്ഷണം ജനമധ്യത്തിൽ വീണ്ടും തുറന്ന് കാണിച്ചുവെന്ന് ഡബ്ല്യുസിസി കുറ്റപ്പെടുത്തി.

ഡബ്യുസിസിയുടെ പോസ്റ്റ്

മാറ്റം ‘നാളെ’യല്ല, ‘ഇന്ന്’ നമുക്കിടയിൽ എത്തിയിരിക്കുന്നു.

കേരള ഫിലിം പോളിസി കോൺക്ലേവിലും അതിനു ശേഷമുള്ള ദിവസങ്ങളിലും, മലയാള സിനിമയിലെ പുതിയ സ്ത്രീ- ദളിത് സംവിധായകരുടെ സിനിമപരിചയത്തെ സൂചിപ്പിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങളിലൂടെ അടൂർ ഗോപാലകൃഷ്ണൻ, തന്റെ സവർണ്ണ- ജാതീയ- ലിംഗഭേദ വീക്ഷണം ജനമദ്ധ്യത്തിൽ വീണ്ടും തുറന്ന് കാണിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയിൽ അതിനെതിരെ പ്രതികരിച്ച സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർപേഴ്‌സൺ കൂടിയായ പ്രശസ്ത ഗായിക പുഷ്പവതിയെക്കുറിച്ച് അപമാനകരമായ പ്രസ്താവനകൾ നടത്തിയതിലൂടെ തന്റെ പുരുഷാധിപത്യ -ദളിത് വിരുദ്ധ നിലപാടുകൾ അടൂർ സംശയലേശമെന്യേ ഉറപ്പിച്ചിരിക്കുകയാണ്. അടൂരിന്റെ ഈ സമീപനത്തെയും നിലപാടിനെയും WCC അതിശക്തമായി അപലപിക്കുന്നു. സ്ത്രീകളെയും അരികുകളിൽ ജീവിക്കുന്നവരെയും പുറം തള്ളുന്ന വരേണ്യ ആണധികാരത്തിനെതിരെ നിർഭയമായി ശബ്ദമുയർത്തിയ പുഷ്പവതിയെ പൂർണ്ണമായി പിന്തുണക്കുന്നു. ഒപ്പം മലയാള സിനിമയിൽ സ്വന്തമായ അഭിപ്രായങ്ങളുമായി തല ഉയർത്തി നിൽക്കുന്ന ഉർവശിയെയും, സാന്ദ്ര തോമസിനെയും അഭിനന്ദിക്കുന്നു; മലയാള സിനിമാലോകത്തിനു അഭിപ്രായവ്യത്യാസങ്ങൾ പറയുന്ന ഈ സ്ത്രീ ശബ്ദങ്ങൾ അന്യമാണ്! പ്രഗത്ഭ നടി ഉർവശി ഏറ്റുമുട്ടുന്നത് കേന്ദ്ര ഗവണ്മെന്റിന്റെ സിനിമ അവാർഡ് നിർണയ തീരുമാനത്തിനെതിരെയാണ്, സ്ത്രീകൾ അധികം കടന്നുവരാത്ത മേഖലയിൽ നിന്നു പ്രോഡ്യൂസറായി ശ്രദ്ധേയയായ സാന്ദ്രതോമസ് സംഘടനയുടെ സ്ത്രീ വിരുദ്ധ നിലപാടുകൾക്ക് എതിരെയാണ് പടപോരുതുന്നത്. ശ്വേത മേനോൻ അടക്കമുള്ള സിനിമസംഘടനകളുടെ മുൻ നിരയിലേക്ക് വരുന്ന സ്ത്രീകളോടും പുലർത്തിപ്പോ രുന്ന നിലപാടുകളെയും WCC അപലപിക്കുന്നു.

വ്യത്യസ്ത വെല്ലുവിളികളോട് അസാമാന്യ ധൈര്യത്തോടെ പ്രതികരിച്ചിരിക്കുന്ന സ്ത്രീകളാണ് ഇവർ. തങ്ങളുടെ കരിയറിലും വ്യക്തിപരമായും നേരിടുന്ന പോരാട്ടങ്ങളിൽ നിശബ്ദരായി നിൽക്കാതെ ശക്തരായി മുന്നോട്ട് പോകുന്ന തളരാത്ത സ്ത്രീ സമൂഹത്തിന്റെ പ്രതീകമാവുകയാണ് ഇവരെല്ലാം. ഈ പോരാട്ടങ്ങൾക്ക് WCC യുടെ അഭിവാദ്യങ്ങൾ!