KSRTC ബസിൽനിന്ന് യാത്രക്കാരിയുടെ 20 പവൻ സ്വർണാഭരണങ്ങൾ കവർന്നു

പോത്തൻകോട്: തിരുവനന്തപുരം കെഎസ്ആർടിസി ബസിൽ യാത്രാമധ്യേ വീട്ടമ്മയുടെ 20 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. വാവരമ്പലം എസ്എസ് മൻസിലിൽ ഷമീന ബീവിയുടെ ബാഗിലുണ്ടായിരുന്ന 20 പവൻ സ്വർണമാണ് കവർന്നത്. നെടുമങ്ങാട് പനവൂർ ആറ്റിൻപുറത്തുള്ള മരുമകളുടെ വീട്ടിൽ പോയി തിരികേവരുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.

വെഞ്ഞാറമൂടുനിന്ന് കെഎസ്ആർടിസി ബസിൽ പോത്തൻകോട് ബസ് ടെർമിനലിൽ ഇറങ്ങി പച്ചക്കറിക്കടയിൽ കയറി സാധനം വാങ്ങാൻ ബാഗ് തുറക്കുമ്പോഴാണ് സ്വർണം നഷ്ടമായ വിവരം അറിയുന്നത്. ആറു വള, ഒരു നെക്ലസ്, രണ്ട് ജോഡി കമ്മൽ, അഞ്ച് മോതിരം എന്നിവയാണ് നഷ്ടപ്പെട്ടതെന്ന് ഷമീന ബീവി നൽകിയ പരാതിയിൽ പറയുന്നു. ഹാൻഡ് ബാഗിനുള്ളിൽ ചെറിയ പഴ്‌സിനകത്ത് ചെറിയ ബോക്‌സിനുള്ളിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. ബാഗിന്റെയും ചെറിയ പഴ്‌സിന്റെയും സിബ്ബ് തുറന്നാണ് സ്വർണം കവർന്നത്.

എവിടെ വെച്ചാണ് സ്വർണം മോഷണം പോയതെന്ന് വ്യക്തമല്ല. നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. പോത്തൻകോട് പോലീസ് ഷമീന ബീവിയുടെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ് അന്വേഷണം ആരംഭിച്ചു. ഓണത്തോടനുബന്ധിച്ച് കെഎസ്ആർടിസി ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഓണത്തിരക്കായതിനാൽ കെഎസ്ആർടിസി ബസുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതോടൊപ്പം മോഷണവും കൂടുകയാണ്. വെള്ളിയാഴ്ച കെഎസ്ആർടിസി ബസിൽ പോത്തൻകോട് വന്നിറങ്ങിയ ആളുടെ 90,000 രൂപ നഷ്ടമായി. അദ്ദേഹം പോത്തൻകോട് പോലീസിൽ പരാതി നൽകി. അതുപോലെ സ്ത്രീകളുടെ ബാഗുകളിൽനിന്നു പലപ്പോഴായി 2000, 5000, 4000 രൂപ മോഷണം പോയതായും പറയപ്പെടുന്നു.