നെയ്യാറ്റിൻകരയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വ്‌ലാത്താങ്കര സ്വദേശി 33 കാരിയായ എം എൽ അൽമയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ 8 മണിക്കും 8.30 നും ഇടയിലാണ് സംഭവം. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പ്രതി വിഷ്ണു ട്യൂഷൻ സെന്ററുകളിൽ ക്ലാസെടുക്കുന്ന അധ്യാപകനാണ്. കൊലപാതകശേഷം വിഷ്ണു സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു.

ഉടൻ പൊലീസ് സ്ഥലത്തെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു. വിഷ്ണുവും അൽമയുമാണ് താമസിച്ചിരുന്നത്. മക്കളില്ല. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒമ്പതു വർഷമായി. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.