തൃശൂർ: കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടതായി പരാതി. ഇരിഞ്ഞാലക്കുട കോണത്തുകുന്ന് മനയ്ക്കപ്പടിയിലെ ഇന്ത്യൻ ഫാസ്റ്റ് ഫുഡ് എന്ന തട്ടുകടയിൽ നിന്ന് വാങ്ങിയ സോഡാകുപ്പികളിൽ ഒന്നിലാണു പാമ്പിനെ കണ്ടത്. കോണത്തുകുന്ന് വള്ളിവട്ടം മനയ്ക്കപ്പടിയിലെ സ്വകാര്യ കമ്പനിയിൽ സോളർ പാനലിന്റെ ജോലിക്ക് എത്തിയ ചെറായി സ്വദേശി ഉണ്ണിയൻ പുരയ്ക്കൽ വിഷ്ണുരാജ്, ആലുവ സ്വദേശി ഡിനൂസ് എന്നിവരാണ് സോഡ വാങ്ങിയത്.

സോഡാ കുപ്പി തുറന്ന് കുടിക്കാൻ എടുത്ത സമയത്ത് മുകളിൽ എന്തോ തങ്ങി നിൽക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് പാമ്പിൻകുഞ്ഞാണെന്ന് മനസ്സിലായത്. കോണത്തുകുന്ന് ചിരട്ടക്കുന്നിൽ പ്രവർത്തിക്കുന്ന റിലാക്സ് സോഡാ കമ്പനിയിൽ നിന്ന് എത്തിച്ച സോഡയാണ് ഇതെന്ന് കുപ്പിയിൽ പതിച്ച സ്റ്റിക്കറിൽ നിന്ന് മനസ്സിലായതോടെ യുവാക്കൾ കൊടുങ്ങല്ലൂർ ഫുഡ് സേഫ്റ്റി വിഭാഗത്തിലേക്ക് വിളിച്ച് പരാതിപ്പെട്ടു. സോഡാ കുപ്പിയുടെ വിഡിയോ വാട്‌സ്ആപ്പിൽ അയച്ചു കൊടുത്തു. തുടർന്ന് ഫുഡ് സേഫ്റ്റി ഓഫിസർ ഡോ.എം ബർഷാനയുടെ നേതൃത്വത്തിൽ സ്ഥാപനത്തിൽ പരിശോധന നടത്തി.

























