തിരുവനന്തപുരം: ഷൊർണൂരിൽ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയിൽവേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ ദമ്പതികളടക്കം നാല് പേർ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയിൽ പ്രതിഷേധം അറിയിച്ച് സംസ്ഥാനം. സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ചൂണ്ടിക്കാണിച്ച് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.

ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ലാതെ ആളുകളെ കരാർ അടിസ്ഥാനത്തിൽ ജോലിക്കു നിയോഗിക്കുന്നതാണ് ഇത്തരം ദൗർഭാഗ്യകരമായ ദുരന്തങ്ങൾക്കു കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റെയിൽവേ ട്രാക്കിൽ സുരക്ഷിതമായി എങ്ങനെ ജോലി ചെയ്യണമെന്ന് പരിശീലനമോ ബോധവൽക്കരണമോ ലഭിക്കാത്തവരാണ് അപകടത്തിൽപെട്ടത്. തിരുവനന്തപുരത്ത് ആമിഴയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ഒഴുക്കിൽപെട്ട് മരിച്ച സംഭവവും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.


സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വരുത്തുന്ന വീഴ്ച ഗൗരവമായി പരിഗണിക്കണമെന്നും കരാർ തൊഴിലാളികളെ നിയമിക്കുന്നതു സംബന്ധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും റെയിൽവേ മന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം റെയിൽവേ നൽകുന്നുവെന്ന് ഉറപ്പാക്കണമെന്നും മൃഖ്യമന്ത്രി ആവശ്യപ്പെട്ടു.
ശനിയാഴ്ച ഉച്ചയ്ക്കു 3.05നു പാലക്കാട് – തൃശൂർ ലൈനിലെ ഷൊർണൂർ പാലത്തിൽ തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് തട്ടിയാണു ദമ്പതികൾ അടക്കം നാല് പേർ മരിച്ചത്. ഒറ്റപ്പാലത്തു വാടകയ്ക്കു താമസിക്കുന്ന സേലം അയോധ്യാപട്ടണം അടിമലൈപുത്തൂർ സ്വദേശികളായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), വള്ളിയുടെ ബന്ധു റാണി (45) റാണിയുടെ ഭർത്താവ് ലക്ഷ്മണൻ (48) എന്നിവരാണു മരിച്ചത്.























