യുവാവ് ജീവനൊടുക്കിയ സംഭവം: യുവതിക്കെതിരെ പരാതി നല്‍കി രാഹുൽ ഈശ്വർ

കോഴിക്കോട്: ബസിൽ ലൈംഗിക അതിക്രമമെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ രാഹുൽ ഈശ്വർ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആണ് മരിച്ചത്. ദീപക് ലൈംഗികാതിക്രമം കാട്ടുന്നെന്ന പേരിലുള്ള വീഡിയോ ഒരു യുവതി സോഷ്യൽ മീഡിയ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെയാണ് ദീപക്കിൻ്റെ മരണം.

പയ്യന്നൂർ ഭാഗത്ത് നിന്നുള്ള വീഡിയോയായിരുന്നു യുവതി പോസ്റ്റ് ചെയ്തത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ദീപക്ക് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ന് രാവിലെയാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ അച്ഛനും അമ്മയും മാത്രമാണുണ്ടായിരുന്നത്. രാവിലെ വിളിച്ചപ്പോള്‍ വാതിൽ തുറന്നില്ല. നാട്ടുകാരെത്തി വാതിൽ ബലമായി തുറന്നപ്പോഴാണ് മരിച്ചതായി കണ്ടത്. മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി.