‘ഇന്‍സ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു’;വിദ്യാര്‍ഥിനിയെ നടുറോഡിലിട്ട് മർദിച്ച് യുവാവ്

കൊയിലാണ്ടി: വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി മര്‍ദിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങോട്ടുകാവ് മേലൂർ കച്ചേരിപ്പാറ കൊളപ്പുറത്ത് സജിൽ ആണ് പിടിയിലായത്. മൂടാടിയിലെ സ്വകാര്യ കോളജ് വിദ്യാർഥിനിയാണ് യുവാവിനെതിരെ പരാതി നൽകിയത്. രണ്ട് ദിവസം മുമ്പാണ് സജിൽ വിദേശത്തു നിന്നും നാട്ടിലെത്തിയത്.

വിദേശത്തായിരുന്ന പ്രതി പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയയ്ക്കാറുണ്ടായിരുന്നു. ശല്യം കാരണം ബ്ലോക്ക് ചെയ്‌തെന്നാണ് പെണ്‍കുട്ടി പറയുന്നത്.

ഇന്നലെ ക്ലാസ് കഴിഞ്ഞ് മടങ്ങവെ വീടിന് സമീപത്തുവച്ച് പെണ്‍കുട്ടിയെ സജില്‍ തടഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തതിന്റെ പേരില്‍ മോശമായി പെരുമാറി. വിദ്യാര്‍ഥി ഇതിനെതിരെ പ്രതികരിച്ചതോടെ മദ്യലഹരിയിലായിരുന്ന സജില്‍ മര്‍ദിച്ചെന്നാണ് പരാതി. പരുക്കേറ്റ പെണ്‍കുട്ടി കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.